പത്തനംതിട്ട: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഇന്ന് നറുക്കെടുത്ത വിൻ വിൻ ലോട്ടറി സമ്മാനം കൊണ്ടു വന്നത് സമത സഹകരണ സൂപ്പർമാർക്കറ്റിലെ നാലു പേർക്ക്. ഒരാൾക്ക് ഒന്നാം സമ്മാനവും രണ്ട് പ്രോത്സാഹന സമ്മാനവും കിട്ടിയപ്പോൾ മൂന്നു പേർക്ക് പ്രോത്സാഹന സമ്മാനം അടിച്ചു.

വിൻ വിൻ ലോട്ടറിയുടെ ഡബ്ല്യു 651 നമ്പർ ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ സമത സഹകരണ സൂപ്പർമാർക്കറ്റിലെ താൽക്കാലിക ജീവനക്കാരനായ പത്തനംതിട്ട പെരിങ്ങമല ചരിവുപുരയിടത്തിൽ ഷിബു വർഗീസിനാണ് ലഭിച്ചത്. ഡബ്ല്യൂടി-100052 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം.

ഇതേ നമ്പരിലുള്ള മറ്റു സീരിസുകൾക്ക് പ്രോത്സാഹന സമ്മാനമായി 8000 രൂപ വീതം ലഭിക്കും. ഇതിൽ രണ്ടു ടിക്കറ്റുകൾ കൂടി ഷിബു എടുത്തിരുന്നു. ബാക്കി സീരിസിലുള്ള ഇതേ നമ്പരുകൾ സമത സൂപ്പർ മാർക്കറ്റിലെ തന്നെ മൂന്നു ജീവനക്കാരാണ് എടുത്തിരുന്നത്.

അവർക്കും സമ്മാനം ലഭിച്ചു. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള ഷിബുവിന് ലോട്ടറി കിട്ടിയത് വലിയ ആശ്വാസമായിരിക്കുകയാണ്.