തിരുവനന്തപുരം: കാർഷിക നിയമത്തിനെതിരായ സമരച്ചൂട് തിരഞ്ഞെടുപ്പിൽ 'പ്രതിഫലിച്ചതോടെ' നിയമങ്ങൾ പിൻവലിച്ചുള്ള കേന്ദ്രസർക്കാരിന്റെ പിന്മാറ്റത്തിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ ചിരിപടർത്തി ട്രോളുകൾ. നിയമം കൊണ്ടുവന്ന് ഒരു വർഷമാകുന്നതിനു മുൻപാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം.

തിരഞ്ഞെടുപ്പ് അടുത്തതോടെ കാർഷിക നിയമത്തിലും ഇന്ധന വില വർദ്ധനിലുമൊക്കെ സ്വീകരിച്ച ഭരണകൂടത്തിന്റെ നിലപാടുകൾ ജനങ്ങൾക്ക് മുന്നിൽ മുട്ടുകുത്തുന്നതടക്കം ട്രോളുകളായി പ്രചരിക്കുന്നുണ്ട്. 'ആദ്യം യു ടേൺ അടിക്കുമ്പോൾ ഒരു ബുദ്ധിമുട്ട് കാണും; പിന്നെ അത് ശീലമായിക്കൊള്ളും എന്ന ഉപദേശവും ഇതിനൊപ്പമുണ്ട്. കേന്ദ്ര- സംസ്ഥാന സർക്കാരുകളെ ഒരേപോലെ പരിഹസിക്കുന്നതും കാണാം.

സമൂഹ മാധ്യമങ്ങളിലും ഏറെ വിവാദമുണ്ടാക്കിയ വിഷയമായിരുന്നു കാർഷിക നിയമങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ ഉണ്ടായ കർഷക പ്രതിഷേധം. സർക്കാരിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രകടനങ്ങളും പ്രചാരണങ്ങളും സമൂഹമാധ്യമ 'യുദ്ധ'ങ്ങളും നടന്നു. രാജ്യത്തിനു പുറത്തുനിന്നുള്ളവർ വരെ സമൂഹ മാധ്യമങ്ങൾ വഴി കർഷകരുടെ പ്രതിഷേധത്തിന്റെ ഭാഗമായി. കർഷകരുടെ സമര വിഷയത്തിൽ ട്വിറ്ററിന്റെ നീക്കങ്ങളും വലിയ വിവാദമായിരുന്നു.

ഇതിനിടെ കേരളവും പഞ്ചാബും കേന്ദ്രത്തിന്റെ കൃഷി നിയമങ്ങൾക്കെതിരെ പ്രമേയവും പാസാക്കിയിരുന്നു. കേരളം പ്രമേയം പാസാക്കിയപ്പോൾ കർഷകനിയമ അനുകൂലികൾ സംസ്ഥാന സർക്കാരിനെ പരിഹസിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. അന്ന് പരിഹസിക്കാൻ ഉപയോഗിച്ച പോസ്റ്റുകളാണ് ഇപ്പോൾ സമരാനുകൂലികളായ ട്രോളുകൾക്കായി ഉപയോഗിക്കുകയാണ്.

'56 ഇഞ്ച് ഡാ, എന്ത് വന്നാലും മുന്നോട്ടുവച്ച കാൽ പിന്നോട്ട് വയ്ക്കുന്ന ശീലം ജീക്ക് ഇല്ല..' കർഷക നിയമങ്ങളെ പിന്തുണച്ചും സമരം ചെയ്യുന്ന കർഷകരെ പരിഹസിച്ചും മുൻപ് പോസ്റ്റ് ചെയ്ത ട്രോളുകൾക്ക് അതേ നാണയത്തിൽ മറുപടി കൊടുക്കുകയാണ് സൈബർ ലോകം. പഴയ പ്രസ്ഥാവനകളും നിലപാടുകളും ചർച്ചയാക്കിയാണ് ഈ മറുപടി കൊടുക്കൽ. ഇപ്പോഴത്തെ യൂടേൺ കാര്യമാക്കണ്ട, ഇനി ഇതൊരു ശീലമായിക്കോളുമെന്ന് ഉപദേശിക്കുന്നവരെയും കാണാം.

കർഷക സമരവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെയുള്ള പോസ്റ്റുകളും പ്രധാനമന്ത്രി മോദിക്കെതിരായ ഹാഷ്ടാഗുകളും നീക്കം ചെയ്തില്ലെങ്കിൽ ട്വിറ്റർ ജീവനക്കാർ ജയിലിൽ കിടക്കേണ്ടിവരുമെന്നു വരെ മുന്നറിയിപ്പു നൽകിയിരുന്നു കേന്ദ്രസർക്കാർ. സമരമുഖത്തു നടന്നത് കർഷക വംശഹത്യയെന്ന് ആരോപിക്കുന്ന അക്കൗണ്ടുകളും ട്വീറ്റുകളും നീക്കം ചെയ്യാനുള്ള സർക്കാറിന്റെ ഉത്തരവ് പാലിച്ചില്ലെങ്കിൽ ഏഴ് വർഷം തടവും പിഴയും ഉൾപ്പെടുന്ന ശിക്ഷാനടപടികളാണ് ട്വിറ്റർ മാനേജ്മെന്റിന് നേരിടേണ്ടി വരികയെന്ന് നിയമ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇന്ത്യയിലെ കർഷക പ്രക്ഷോഭം ആഗോള തലത്തിൽ വലിയ ചർച്ചയാകാൻ കാരണവും ട്വിറ്ററായിരുന്നു. കർഷക സമരത്തെ പിന്തുണച്ച് വിഖ്യാത പോപ്പ് ഗായിക റിഹാന വരെ ട്വീറ്റ് ചെയ്തിരുന്നു. പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ്, അമേരിക്കൻ പരിസ്ഥിതി ആക്ടിവിസ്റ്റ് ജാമി മർഗോളിൻ, അമേരിക്കൻ വൈസ് പ്രസിഡന്റ് കമ?ല ഹാരിസിന്റെ ബന്ധു മീനാ ഹാരിസ്, മിയ ഖലീഫ തുടങ്ങിയവരെല്ലാം പ്രക്ഷോഭത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.