ആഗ്ര: മൂന്ന് പെൺകുട്ടികളെ മയക്കുമരുന്ന് നൽകി ലൈംഗികമായി ഉപദ്രവിച്ച 47കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ ഭർത്താവിന്റെ ആദ്യ ഭാര്യയിലെ പെൺകുട്ടികളെയാണ് ഇവർ ലൈം​ഗികമായി ചൂഷണം ചെയ്തത്. ആ​ഗ്രയിലാണ് സംഭവം. മൂത്ത പെൺകുട്ടി നൽകിയ പരാതിയെ തുടർന്നാണ് സ്ത്രീ അറസ്റ്റിലായത്. സംഭവത്തിൽ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

പെൺകുട്ടികളുടെ അമ്മ കഴിഞ്ഞവർഷം ഫെബ്രുവരിയിൽ മരിച്ചിരുന്നു. തുടർന്നാണ് ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട 47-കാരിയെ ഇവരുടെ അച്ഛൻ വിവാഹം കഴിച്ചത്. നേഴ്സാണെന്ന് അവകാശപ്പെടുന്ന 47-കാരി ആരോഗ്യസംരക്ഷണത്തിനെന്ന് പറഞ്ഞ് പെൺകുട്ടികൾക്ക് മരുന്ന് നൽകാറുണ്ടായിരുന്നു. എന്നാൽ ഇത് മയക്കുമരുന്നാണെന്നും ഇത് കഴിച്ചതിന് പിന്നാലെ രണ്ടാനമ്മ ലൈംഗികമായി ഉപദ്രവിക്കാറുണ്ടെന്നുമാണ് പരാതിയിൽ പറയുന്നത്. മാത്രമല്ല, അശ്ലീലസിനിമകൾ കാണാൻ നിർബന്ധിക്കാറുണ്ടെന്നും മൂത്ത പെൺകുട്ടി നൽകിയ പരാതിയിൽ ആരോപിക്കുന്നു. പരാതിക്കാരിയും പ്രായപൂർത്തിയാകാത്ത മറ്റ് രണ്ട് സഹോദരിമാരുമാണ് രണ്ടാനമ്മയുടെ പീഡനത്തിനിരയായത്.