ചണ്ഡീഗഡ്: പഞ്ചാബിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ചെറിയമ്മ ജീവനോടെ കുഴിച്ചുമൂടി. കുടുംബവഴക്കിനെ തുടർന്ന് കുട്ടിയുടെ അമ്മയോട് വൈരാഗ്യം തീർക്കാനാണ് മൂന്ന് മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയതെന്ന് ചെറിയമ്മ കുറ്റസമ്മത മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.

അമീർ ഖാസ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ചയാണ് സംഭവം. കഴിഞ്ഞദിവസം അമ്മൻദീപ് കൗർ മകളെ അയൽവാസിയുടെ വീട്ടിൽ കൊണ്ടുചെന്നാക്കി ബാങ്കിൽ ജോലിക്ക് പോയി. തിരിച്ച് വീട്ടിൽ എത്തിയപ്പോൾ മകളെ കാണാനില്ല. അമ്മയും ബന്ധുക്കളും ചേർന്ന് കുട്ടിക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.

പിറ്റേന്ന് സെപ്റ്റിക് ടാങ്കിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ ഭാര്യ സുഖ്പ്രീതാണ് സെപ്റ്റിക് ടാങ്കിൽ പെൺകുട്ടിയുടെ കാൽ കാണുന്നതായി ബന്ധുക്കളെ അറിയിച്ചത്.

കഴിഞ്ഞ ദിവസം സെപ്റ്റിക് ടാങ്ക് പരിസരം ഉൾപ്പെടെ തെരച്ചിൽ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. കുട്ടിയുടെ ചെറിയമ്മയായ സുഖ്പ്രീതിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സുഖ്പ്രീത് കുറ്റസമ്മതം നടത്തുകയായിരുന്നു. താൻ വീട്ടിൽ ഇല്ല എന്ന് അറിഞ്ഞ് മകനെ പറഞ്ഞയച്ച് അയൽവാസിയുടെ വീട്ടിൽ നിന്ന് പിഞ്ചുകുഞ്ഞിനെ ചെറിയമ്മ എടുത്തു കൊണ്ടുപോകുകയായിരുന്നുവെന്ന് അമ്മൻദീപ് കൗർ പറയുന്നു