തൊടുപുഴ: മൂന്നാറിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസുകാരന് സസ്പെൻഷൻ. ദേവികുളം സ്‌കൂളിലെ കൗൺസിലറായിരുന്ന ഷീബ ഏയ്ഞ്ചൽ റാണിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ശാന്തൻപാറ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ. ശ്യാംകുമാറിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.

ഇയാൾ യുവതിയെ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചതായി യുവതിയുടെ പിതാവ് പരാതി നൽകിയിരുന്നു. തുടർന്നാണ് ശ്യാമിനെതിരെ അന്വേഷണത്തിന്റെ ഭാഗമായി ഇടുക്കി എസ് പി നടപടി സ്വീകരിച്ചത്.

ഡിസംബർ 31-നാണ് ഷീബയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദേവികുളം സ്‌കൂളിലെ കൗൺസിലറായിരുന്ന ഷീബയും ശ്യാംകുമാറും പ്രണയത്തിലായിരുന്നു. നേരത്തെയും ഇയാൾക്കെതിരേ യുവതിയുടെ കുടുംബം പരാതി നൽകിയിരുന്നു.

മുൻപ് മൂന്നാർ പൊലീസ് സ്റ്റേഷനിൽ ജോലി നോക്കിയിരുന്ന കൊന്നത്തടി സ്വദേശി ശ്യാം കുമാറുമായി ഷീബ പ്രണയത്തിലായിരുന്നു. യുവതിയെ വിവാഹ വാഗ്ദാനം നൽകി പൊലീസ് ഉദ്യോഗസ്ഥൻ വഞ്ചിച്ചെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. ഇതുസംബന്ധിച്ച് യുവതിയുടെ ബന്ധുക്കൾ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അടിമാലി സ്റ്റേഷനിലേക്ക് സ്ഥലംമാറ്റിയിരുന്നു.

ഷീബയുടെ ആത്മഹത്യക്കുറിപ്പിൽ മുൻപ് മൂന്നാർ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ശ്യാം കുമാറിന്റെ പേര് സൂചിപ്പിച്ചിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രണയ നൈരാശ്യമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. നിലവിൽ ശ്യാം കുമാർ ശാന്തൻപാറ പൊലീസ് സ്റ്റേഷനിൽ സിപിഒയായി ജോലിചെയ്തു വരികയാണ്.

മരിക്കുന്ന ദിവവസം ഉച്ചവരെ യുവതി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പുതുവർഷത്തലേന്ന്‌ ഉച്ചയോടെ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് യുവതി ആത്മഹത്യ ചെയ്തത്. യുവതി കടുത്ത മാനസിക അസ്വാസ്ഥ്യത പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പൊലീസിനോട് പറഞ്ഞിരുന്നു.

ഇതേത്തുടർന്ന് ജില്ലാ പൊലീസ് മേധാവി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. നർക്കോട്ടിക് ഡിവൈഎസ് പിക്കായിരുന്നു അന്വേഷണ ചുമതല. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇടുക്കി എസ് പി ശ്യാം കുമാറിനെ സസ്പെൻഡ് ചെയ്തത്.