ഫിറോസാബാദ്: ലൗ ജിഹാദ് ആരോപിച്ച കേസിൽ യുവതി ഭർത്താവിന് അനുകൂലമായി മൊഴി നൽകി. ഉത്തർ പ്രദേശിലെ ഫിറോസാബാദിലെ നാ​ഗ്ല മുള്ള ​ഗ്രാമത്തിലാണ് സംഭവം. താൻ‌ മുസ്ലിം യുവാവിനൊപ്പം സ്വമേധയാ ഇറങ്ങി വന്നതാണെന്നും കോടതിയിൽ വച്ച് വിവാഹം ചെയ്തുവെന്നും മതം മാറിയിട്ടില്ലെന്നും 19 കാരി മജിസ്ട്രേറ്റിന് മുന്നിൽ വ്യക്തമാക്കിയതോടെ കേസിലെ അനിശ്ചിതത്വം നീങ്ങി. 23 കാരനായ മുസ്ലിം യുവാവ് 19കാരിയായ ഇതര മതത്തിൽപെട്ട യുവതിയെ വിവാഹം കഴിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.

ഡിസംബർ 22നാണ് യുവതി മുസ്ലിം യുവാവിനൊപ്പം വീടുവിട്ടിറങ്ങിയത്. ഡിസംബർ 26 ന് മതംമാറ്റ നിരോധന നിയമപ്രകാരം കേസെടുത്തു. യുവതിയെ തട്ടിക്കൊണ്ടുപോയതായും കാണിച്ച് കേസ് എടുത്തിരുന്നു. ജനുവരി ഒന്നിന് യുവതിയെ കണ്ടെത്തുകയും ബന്ധുക്കൾ അവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. യുവാവിന്റെ സംരക്ഷണം പൊലീസ് ഏറ്റെടുത്തു.

തന്നെ മതംമാറാൻ നിർബന്ധിച്ചുവെന്ന ആരോപണം യുവതി തള്ളി. കഴിഞ്ഞ മൂന്ന് വർഷമായി യുവാവിനെ പരിചയമുണ്ടെന്നും ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നും യുവതി വ്യക്തമാക്കി. യുവാവിന്റെ വീടിന് മുന്നിൽ തടിച്ചുകൂടിയ യുവതിയുടെ ബന്ധുക്കളും ​ഗ്രാമത്തിലുള്ളവരും യുവാവിന്റെ കുടുംബത്തെ പിന്തുടർന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.