ദുബൈ: കുവൈറ്റ് സ്വദേശിയായ യുവാവിനെ ആക്രമിച്ച് പണംതട്ടിയ യുവതിക്ക് മൂന്നു വർഷം തടവ് ശിക്ഷയും 45,314 ദിർഹം പിഴയും വിധിച്ച് ദുബൈ പ്രാഥമിക കോടതി. ദുബായ് സന്ദർശനത്തിനെത്തിയ 37കാരനായ കുവൈറ്റിയിൽ നിന്നും 54,000 ദിർഹം തട്ടിയെടുത്ത കേസിലാണ് യുവതിക്ക് കോടതി ശിക്ഷ വിധിച്ചത്. 26 കാരിയായ നൈജീരിയൻ യുവതിയാണ് വ്യാജ മസാജ് സെന്ററിന്റെ പേരിൽ വിളിച്ചു വരുത്തിയ ശേഷം യുവാവിനെ മർദ്ദിച്ച് പണം അപഹരിച്ചത്. യുവതിയെ ആക്രമിച്ചതിന് കുവൈത്ത് സ്വദേശിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിൽ വിധി പറയാനായി മിസ്ഡിമിനർ കോടതിയിലേക്ക് മാറ്റി.

ഈ വർഷം ജനുവരിയിലാണ് യുഎസിൽ നിന്ന് ദുബൈയിലെത്തിയതാണ് 37കാരനായ കുവൈത്ത് സ്വദേശി ആക്രമിക്കപ്പെട്ടത്. പിറ്റേ ദിവസം രാവിലെ ഇയാൾക്ക് മടങ്ങണമായിരുന്നു. ഇന്റർനെറ്റിൽ സെർച്ച് ചെയ്തപ്പോഴാണ് ഒരു മസാജ് കേന്ദ്രത്തിന്റെ പേജ് ശ്രദ്ധയിൽപ്പെട്ടത്. ഇവരുമായി ബന്ധപ്പെട്ട് 1,500 ദിർഹത്തിന് മസാജ് സേവനം ഉറപ്പാക്കി. ജബൽ അലി ഏരിയയിലുള്ള ഒരു അപ്പാർട്ട്‌മെന്റിന്റെ ലൊക്കേഷനാണ് കുവൈത്ത് സ്വദേശിക്ക് ലഭിച്ചത്. അവിടെയെത്തിയപ്പോൾ 26കാരിയായ നൈജീരിയൻ യുവതി ഇയാളെ അകത്തേക്ക് ക്ഷണിച്ച ശേഷം വാതിലടച്ചു. ഇത് മസാജ് കേന്ദ്രം പോലെ തോന്നുന്നില്ലെന്ന് കുവൈത്ത് സ്വദേശി യുവതിയോട് പറഞ്ഞെങ്കിലും മുറിയിലേക്ക് പോകാൻ അവർ ഇയാളെ നിർബന്ധിച്ചു.

എന്നാൽ കുവൈത്ത് സ്വദേശി ഇത് എതിർത്തതോടെ മസാജിനുള്ള പണം നൽകാതെ അപ്പാർട്ട്‌മെന്റിൽ നിന്ന് പോകാൻ അനുവദിക്കില്ലെന്ന് യുവതി പറഞ്ഞതായി കുവൈത്ത് സ്വദേശി വ്യക്തമാക്കി. പിന്നീട് മറ്റൊരു സ്ത്രീ ഇവിടേക്കെത്തി. ആഫ്രിക്കൻ വംശജനായ ഒരാളും കൂടെയുണ്ടായിരുന്നു. ഇയാളാണ് ഫോണിൽ സംസാരിച്ചത്. തന്റെ പക്കൽ 500 ദിർഹം മാത്രമെ ഉള്ളെന്ന് കുവൈത്തി പറഞ്ഞപ്പോൾ ഇവർ ആക്രമിക്കുകയായിരുന്നു. പിന്നീട് ഇയാളുടെ ക്രൈഡിറ്റ് കാർഡ് സംഘം ആവശ്യപ്പെട്ടു. തന്റെ വലത് കവിളിലും ഇടത് തോളിലും യുവതി കടിച്ചതായി കുവൈത്ത് സ്വദേശി പറഞ്ഞു. പഴ്‌സ് കൈവശപ്പെടുത്തിയ സംഘം ഇയാളുടെ പാസ്‌കോഡ് നിർബന്ധപൂർവ്വം വാങ്ങി. ഒരു മണിക്കൂറിന് ശേഷം പണം തട്ടിയെടുത്ത സംഘം കുവൈത്ത് സ്വദേശിയെ അപ്പാർട്ട്‌മെന്റിൽ നിന്ന് പോകാൻ അനുവദിച്ചു. തുടർന്ന് കുവൈത്തി ദുബൈ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

പൊലീസിൽ അറിയിച്ച ശേഷം തിരികെ കുവൈത്ത് സ്വദേശി അപ്പാർട്ട്‌മെന്റിലെത്തിയപ്പോഴും പ്രതിയായ സ്ത്രീ അവിടെത്തന്നെ ഉണ്ടായിരുന്നു. തുടർന്ന് ഇയാൾ അവരെ ആക്രമിച്ചു. അപ്പോഴേക്കും പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ കോടതി ഇവർക്കെതിരെ തട്ടിക്കൊണ്ടുപോകൽ, പണം അപഹരിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി. യുവതിയെ മൂന്ന് മാസത്തെ ജയിൽശിക്ഷ അനുഭവിക്കണമെന്നും 45,314 ദിർഹം പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.