ലണ്ടൻ: ലോകമാകെ കോവിഡെന്ന മഹാമാരി ലക്ഷക്കണക്കിന്പേരുടെ ജീവനെടുക്കുമ്പോൾ, പരമാവധി ആളുകളെ അതിനുവിട്ടുകൊടുക്കാതെ രക്ഷിക്കാനുള്ള തത്രപ്പാടിലാണ് ലോകമാസകലമുള്ള ഭരണകൂടങ്ങളും ആരോഗ്യ പ്രവർത്തകരും. അതിനായി നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ, തികച്ചും സ്വാർത്ഥരും ബുദ്ധിയും വിവേകവും തൊട്ടുതീണ്ടാത്തവരുമായ ഒരു ചെറിയ ന്യുനപക്ഷത്തിന് അതിനോടൊന്നും യോജിപ്പില്ല. നിയമ സംവിധാനങ്ങളെ വെല്ലുവിളിച്ച് ലോക്ക്ഡൗൺ കാലത്ത് കറങ്ങിനടക്കുന്നതും, നിർദ്ദേശിക്കപ്പെട്ടയിടങ്ങളിൽ മാസ്‌ക് ധരിക്കാതിരിക്കലുമൊക്കെ എന്തോ വലിയ കാര്യമാണെന്നാണ് ഈ മന്ദബുദ്ധികളുടെ വിചാരം.

എന്നാൽ, തങ്ങളുടെ വിവേകശൂന്യമായ നടപടികൾ സമൂഹത്തിനു മൊത്തം വെല്ലുവിളി ഉയർത്തുകയാണെന്നും തങ്ങളുടെ പ്രവർത്തിമൂലം, നിർദ്ദേശങ്ങൾ അനുസരിച്ച് ജീവിക്കുന്ന ഒരു വലിയ ഭൂരിപക്ഷം വരുന്ന പൗരന്മാരുടെ ജീവൻ കൂടി അപകടത്തിലാവുകയാണെന്നും ഇവർ ചിന്തിക്കുന്നില്ല. ഒരു മിനിമം ചിന്താശക്തിയെങ്കിലുമുണ്ടെങ്കിൽ ഇവർ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് മുതിരില്ലെന്നതും വാസ്തവമാണ്. ഇതാ, ഈ വിവേകശൂന്യരുടെ ഗണത്തിലെ്പട്ട ഒരു അഹങ്കാരിയെ മറ്റുള്ളവർ നേരിട്ടതിന്റെ ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

ഇബിസയിൽ നിന്നും മിലാനിലേക്കുള്ള റെയ്ൻഎയർ വിമാനത്തിലായിരുന്നു സംഭവം നടന്നത്. അല്പവസ്ത്രധാരിയായ ഒരു യുവതിയാണ് കഥയിലെ നായിക, അല്ല വില്ലത്തി. റെയ്ൻഎയറിന്റെ എല്ലാ വിമാനങ്ങളിലും നിർബന്ധമായി മാസ്‌ക് ധരിച്ചിരിക്കണം എന്ന നിർദ്ദേശമുണ്ട്. എന്നാൽ ഇതിന് പുല്ലുവിലയാണ് ഈ യുവതി കല്പിച്ചത്. പണവും സ്വാധീനവും ഉണ്ടെന്നുള്ള അഹങ്കാരമാകാം ഇതിന് അവരെ പ്രേരിപ്പിച്ചത്. എന്നാൽ, എത്ര പണവും ഏത് സ്വാധീനവും കൊറോണയെന്ന കുഞ്ഞൻ വൈറസിന് മുൻപിൽ വിലപ്പോവില്ലെന്ന് മനസ്സിലാക്കാനുള്ള വിവേചന ബുദ്ധി ഇവർക്കില്ലാതെപോയി.

ഇവരോട് മാസ്‌ക് ധരിക്കാൻ ആവശ്യപ്പെട്ട സഹയാത്രികയോട് ഇവർ തട്ടിക്കയറുകയായിരുന്നു. ചൂടേറിയ വാഗ്വാദങ്ങൾക്ക് ഒടുവിൽ ഇവർ സഹയാത്രികയുടെ മുഖത്തേക്ക് തുപ്പുകയുംചെയ്തു. അതുകൊണ്ടും അരിശം തീരാഞ്ഞ് അവർ സഹയാത്രികയെ കൈയേറ്റം ചെയ്യുകയും ചെയ്തു. എന്നാൽ, ഇതൊന്നും നോക്കിനിൽക്കാൻ വിമാനത്തിലെ ജീവനക്കാർക്ക് ആയില്ല. അവർ ഇതിൽ ഇടപെട്ടപ്പോൾ ഈ അഹങ്കാരിയായ യുവതി അവർക്ക് നേരെ തിരിയുകയായിരുന്നു. പിന്നെ നിവർത്തിയില്ലാതെ വിമാന ജീവനക്കാർ ഇവരെ വിമാനത്തിൽ നിന്നും പിടിച്ച് വലിച്ച് ഇറക്കുകയായിരുന്നു.


വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിൽ ചിലർ ഈ ദൃശ്യം വീഡിയോയിൽ പകർത്തി. ഇവരെ വിമാനത്തിൽ നിന്നും വലിച്ചിഴച്ച് കൊണ്ടുപോകുന്ന ദൃശ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളീൽ വൈറലാവുകയാണ്. ഈ സംഭവം നടന്നതെന്നാണെന്ന് വ്യക്തമല്ല. അതുപോലെ ഇവർക്കെതിരെ മറ്റ് നിയമനടപടികൾ എന്തെങ്കിലും സ്വീകരിച്ചുവോ എന്ന കാര്യത്തിലുംവ്യക്തതയില്ല.