കോട്ടയം: സ്ഥാനാർത്ഥികൾക്കും വേറിട്ട പ്രചരണരീതികൾക്കും സോഷ്യൽ മീഡിയക്കുമൊപ്പം തന്നെ തദ്ദേശ തെരഞ്ഞെടുപ്പിനെ ഹിറ്റാക്കിയ മറ്റൊരു വിഷയമായിരുന്നു ഒളിച്ചോട്ടവും നാടുവിടലുമൊക്കെ. കണ്ണൂരിലെ ബിജെപി സ്ഥാനാർത്ഥി ഒളിച്ചോടിയതും മറ്റൊരു സ്ഥാനാർത്ഥി നാടുവിട്ടതടക്കമുള്ള വാർത്തകൾ തെരഞ്ഞെടുപ്പ് കാലത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. അക്കൂട്ടത്തിലേക്ക് ഇതാ മറ്റൊരു ഒളിച്ചോട്ട കഥ കൂടി. കോട്ടയത്ത് നിന്നാണ് ഇത്തവണത്തെ ഒളിച്ചോട്ടം. പക്ഷെ ഇ തവണ സ്ഥാനാർത്ഥിയോ സ്ഥാനാർത്ഥിയുടെ ഭർത്താവോ ഒന്നുമല്ല. മറിച്ച് പോളിങ്ങ് ബൂത്ത് ഒളിച്ചോട്ടത്തിന് വേദിയൊരുക്കുകയായിരുന്നു.നാലു മാസം മുമ്പ് വിവാഹിതയായ 19 കാരിയാണ് കഥയിലെ താരം.

കഥ ഇങ്ങനെ..കോട്ടയം ജില്ലയിലെ തിടനാട്ടിലാണ് സംഭവം...നാലു മാസം മുമ്പാണ് പിണ്ണക്കനാട് സ്വദേശിനിയായ 19 കാരിയെ കാഞ്ഞിരപ്പള്ളിയിലേക്ക് വിവാഹം കഴിപ്പിച്ചയച്ചത്.ഭർത്താവ് സെക്യൂരിറ്റി ജീവനക്കാരനാണ്. ഭർത്തൃവീട്ടിൽ നിന്ന് വോട്ട് ചെയ്യാൻ നാട്ടിലെത്തി. ക്യൂവിൽ നില്ക്കുമ്പോൾ പഴയ കാമുകനെ കണ്ടു. വോട്ട് ചെയ്ത് ഇറങ്ങിയ യുവതി കാമുകനൊപ്പം സ്ഥലം വിട്ടു.ഭാര്യയെ കാണാതായതോടെ ഭർത്താവ് ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. തുടർന്ന് തിടനാട് പൊലീസിൽ ഭർത്താവ് പരാതി നല്കി.ഇതോടെ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കണ്ടെത്തി.ഇത് കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് മൂന്നാം ദിവസം ഒളിത്താവളത്തിൽ നിന്നും ഇരുവരെയും പിടികൂടിയത്.സ്റ്റേഷനിലെത്തിയ യുവതി തന്നെ കാമുകനൊപ്പം പറഞ്ഞയക്കണമെന്ന് സിഐ യോട് കേണപേക്ഷിച്ചു. പക്ഷേ, പൊലീസിന് ഇത് സ്വീകാര്യമായിരുന്നില്ല.

ഭാര്യയെ കണ്ടെത്തിയ വിവരം അറിഞ്ഞ് ഭർത്താവ് സ്റ്റേഷനിൽ കുതിച്ചെത്തി. എന്നാൽ ഭർത്താവിനെ തിരിഞ്ഞുനോക്കാൻ പോലും യുവതി തയ്യാറായില്ല. കാമുകനൊപ്പം ജീവിക്കണമെന്ന് യുവതി വാശി തുടർന്ു. തുടർന്ന് ഇരുവരെയും പൊലീസ് കോടതിയിൽ ഹാജരാക്കി. ഭർത്താവിനൊപ്പം താമസിക്കാൻ താത്പര്യമില്ലെന്നും കാമുകനൊപ്പം പോവണമെന്നും യുവതി പറഞ്ഞതോടെ കോടതി അനുവദിക്കുകയായിരുന്നു. കോടതിയിൽ നിന്ന് കാമുകന്റെ കൈയ് പിടിച്ച് യുവതി നടന്നകന്നു.