മലപ്പുറം: മുസ്ലിംലീഗ് വനിതാ സ്ഥാനാർത്ഥികളെ പരിഗണനാ ലിസ്റ്റിൽനിന്നും മാറ്റി നിർത്തിയത് സമസ്തയെ ഭയന്ന്. മുസ്ലിംലീഗ് സ്ഥാനാർത്ഥിപട്ടികയിൽ ഇത്തവണ വനിതകളെ പരിഗണിച്ചില്ലെങ്കിൽ വനിതാലീഗിൽ പൊട്ടിത്തെറിക്ക് സാധ്യത. നിലവിൽ വന്ന സാധ്യതാപട്ടികയിൽനിന്നും നേരത്തെ മുതൽ പറഞ്ഞുകേട്ടിരുന്ന നൂർബിന റഷീദ്, സുഹ്റ മമ്പാട്, ഫാത്തിമ തഹ്ലിയ, കുൽസു എന്നിവരുടെ പേരുകൾ തഴഞ്ഞതോടെയാണ് വനിതാ ലീഗിൽനിന്നും എതിർശബ്ദങ്ങളുയർന്നത്. ഇതുസംബന്ധിച്ചു മുതിർന്ന വനിതാനേതാക്കൾ മുസ്ലിംലീഗ് നേതൃത്വവുമായി ബന്ധപ്പെട്ടപ്പോൾ പുറത്തുവന്ന ലിസ്റ്റുകളൊന്നും പാർട്ടി തീരുമാനപ്രകാരമുള്ളതല്ലെന്നും മാധ്യമ സൃഷ്ടിയാണെന്നുമാണ് മറുപടി ലഭിച്ചത്.

ഇതോടെ പ്രഖ്യാപനംവരെ കാത്തിരിക്കാനാണ് വനിതാലീഗിന്റെ തീരുമാനം. മൂന്നുപതിറ്റാണ്ടുകാലമായ സജീവമായി പാർട്ടിയിൽ പ്രവർത്തിക്കുന്ന വനിതകളെ ഇത്തവണയും പരിഗണിക്കാതിരുന്നാൽ അതു പാർട്ടിക്ക് വലിയ ദോഷമുണ്ടാക്കുമെന്ന അഭിപ്രായം വനിതാ ലീഗിൽനിന്നും ഉയർന്നിട്ടുണ്ട്.

പരിഗണനാ ലിസ്റ്റിൽ വനിതാലീഗ് നേതാക്കളെ തഴഞ്ഞതോടെ വനിതാലീഗ് പ്രവർത്തകർക്കിടയിലും പ്രതിഷേധങ്ങളുയർന്നിരുന്നെങ്കിലും മുതിർന്ന നേതാക്കൾ ഇടപെട്ട് സംയമനം പാലിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ചേലക്കരയിൽ വനിതാലീഗ് ദേശീയ സെക്രട്ടറിയായ ജയന്തി രാജന്റെ പേര് പരിഗണനാ ലിസ്റ്റിൽ പരിഗണിക്കുന്നുണ്ടെങ്കിലും സംവരണ മണ്ഡലമായതിനാൽ ഇവരുടെ ജാതി സംബന്ധിച്ചും ചർച്ചകൾ പാർട്ടിക്കുള്ളിൽനടക്കുന്നുണ്ട്. വയനാട് സ്വദേശിനിയായ ജയന്തി രാജൻ കുണ്ടുവാടിയൻവിഭാഗത്തിൽപ്പെട്ട വ്യക്തിയാണ്.

വയനാട് മേഖലയിൽ മാത്രമുള്ള ഈവിഭാഗം നേരത്തെ എസ്.സി വിഭാഗമായിരുന്നെങ്കിലും പിന്നീട് ഒ.ഇ.സി വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഇവർക്ക് എസ്.സി വിഭാഗങ്ങൾക്ക് ലഭിക്കുന്ന പഠനാനുകൂല്യങ്ങളെല്ലാം ഇപ്പോഴും ലഭിക്കുന്നുണ്ട്. ഇതിനാൽ തന്നെ ഇവരെ സംവരണ മണ്ഡലത്തിൽ പരിഗണിക്കാൻ കഴിയുമോയെന്ന ചർച്ചകളും ലീഗിനുള്ളിൽ നടക്കുന്നുണ്ട്. മുന്നണി ചർച്ചയിൽ ചേലക്കര ഇപ്പോഴും ഉറപ്പിച്ചില്ലെന്നും സാധ്യതാമാത്രമാണുള്ളതെന്നുമാണ് നേതൃത്വം പറയുന്നത്. മുസ്ലിംലീഗിന്റെ വോട്ടുബാങ്കായ സമസ്തയുടെ എതിർപ്പുകാരണമാണ് മുസ്ലിംവനിതകളെ മത്സര രംഗത്ത് പരിഗണിക്കേണ്ടെന്ന നിലപാടിലേക്ക് ലീഗ് നേതൃത്വം എത്തിയത്.

സമസ്ത പിണങ്ങിയാൽ അതുവലിയ തിരിച്ചടിയാകുമെന്ന് കണക്ക്കൂട്ടലാണ് നേതൃത്വത്തിനുള്ളത്. എന്നാൽ മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് ഉൾപ്പെടെയുള്ള ചില നേതാക്കൾക്ക് വനിതാ ലീഗ് നേതാക്കളെ പരിഗണിക്കണമെന്ന നിലപാടുള്ളതായും സൂചനയുണ്ട്. എന്നാൽ മജീദ് മുജാഹിദ് വിഭാഗമായതിനാലാണ് ഈ നിലപാട് എടുക്കുന്നതെന്നും മറുവിഭാഗംപറയുന്നു.

ഇരുകൂട്ടരേയും തൃപ്തിപ്പെടുത്താനായാണ് ജയന്തിരാജനെ പരിഗണിക്കാൻ അവസാനം നേതൃത്വം ചർച്ച നടത്തിയിരുന്നത്. 17വർഷമായി താൻ മുസ്ലിംലീഗ് പ്രവർത്തകയാണെന്നും ലീഗ് പ്രതിനിധിയായി പൂതാടി ഗ്രാമപഞ്ചായത്തിലും, പനമരം ബ്ലോക്ക് പഞ്ചായത്തിലും ജനപ്രതിനിധിയായി ഉണ്ടായിരുന്നുവെന്നും ജയന്തിരാജൻ പറഞ്ഞു. എന്നാൽ വനിതാ ലീഗിന്റെ മുഖങ്ങളായി അറിയപ്പെടുകയും പ്രവർത്തിക്കുകയു ചെയ്യുന്ന നേരത്തെ മുതൽ സാധ്യതാ ലിസ്റ്റിലുള്ളവരെ പരിഗണിക്കണമെന്നാണ് വനിതാലീഗിലെ ഭൂരിപക്ഷംപേരുടേയും അഭിപ്രായം.