കോഴിക്കോട്: സ്ത്രീ വിരുദ്ധ പരാമർശം നടത്തി അപമാനിച്ചു എന്ന് ആരോപിച്ച് എംഎസ്എഫ് സംസ്ഥാന ഭാരവാഹികൾക്കെതിരെ ഹരിത നൽകിയ പരാതിയിൽ മൊഴിയെടുക്കുന്നത് നീട്ടിവച്ച് വനിതാ കമ്മീഷൻ. കോഴിക്കോട് ജില്ലയിലെ സിറ്റിങ്, നിപ്പ വൈറസ് ഭീതി കാരണം ഓൺലൈനാക്കിയതോടെയാണ് മൊഴിയെടുപ്പ് അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിയത്.

ലൈംഗികമായി അധിക്ഷേപിച്ച എംഎസ്എഫ് നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഓഗസ്റ്റ് ആദ്യവാരമാണ് ഹരിത വനിതാ കമ്മിഷനെ സമീപിച്ചത്. ജില്ലാ സിറ്റിങ്ങിൽ മൊഴിയെടുക്കുമെന്നായിരുന്നു കമ്മിഷനിൽനിന്നു ലഭിച്ച മറുപടി. മലപ്പുറത്തെ സിറ്റിങ്ങിലേക്ക് വിളിച്ചെങ്കിലും എത്തിച്ചേരാൻ ബുദ്ധിമുട്ടുണ്ടെന്നും കോഴിക്കോട് പങ്കെടുക്കാമെന്നും നേതാക്കൾ അറിയിച്ചു.

കഴിഞ്ഞ രണ്ടു ദിവസമായി കോഴിക്കോട് ഓൺലൈനായി സിറ്റിങ് നടക്കുന്നുണ്ടെങ്കിലും ഹരിത നേതാക്കളെ വിളിച്ചിട്ടില്ല. നിപ്പ കാരണമാണ് നേരിട്ട് വരാത്തതെന്നും പരാതിയിൽ ഒപ്പിട്ട മുഴുവൻ പേരുടെയും മൊഴിയെടുക്കാനുള്ളതിനാൽ ഓൺലൈൻ പ്രായോഗികമല്ലെന്നുമാണ് കമ്മിഷന്റെ വിശദീകരണം. മറ്റേതെങ്കിലും ജില്ലയിൽ എത്താൻ തയാറാണന്ന് അറിയിച്ചാൽ അവിടെ സൗകര്യമൊരുക്കാമെന്നും കമ്മിഷൻ പറയുന്നു.