റാഞ്ചി: ഝാർഖണ്ഡിൽ ഇരുനില കെട്ടിടത്തിന്റെ ടെറസിൽ നിന്ന് സ്ത്രീ അഞ്ചു കുട്ടികളെ താഴേക്ക് വലിച്ചെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ രണ്ടു കുട്ടികൾ ചികിത്സയിൽ. സ്ത്രീക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായി പൊലീസ് പറയുന്നു.

ഝാർഖണ്ഡിലെ സാഹേബ്ഗഞ്ച് ജില്ലയിൽ ഞായറാഴ്ച വൈകീട്ട് ഏഴുമണിക്കാണ് സംഭവം. ബിഹാരിലാൽ മണ്ടർ ഭവനിൽ പത്തുകുട്ടികൾ ടെലിവിഷൻ കാണുന്ന സമയത്താണ് സംഭവം നടന്നത്. കെട്ടിടത്തിന്റെ മുകളിലേക്ക് സ്ത്രീ കുട്ടികളെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ഓരോ കുട്ടികളെയായി എടുത്ത് ടെറസിന്റെ മുകളിൽ നിന്ന് താഴേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

രണ്ടു കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ച ബുദ്ധൻ മണ്ഡലിനും പരിക്കേറ്റിട്ടുണ്ട്. കടുത്ത നടപടിയിലേക്ക് സ്ത്രീ പോയ കാരണം വ്യക്തമല്ല. അതേസമയം അടുത്തകാലത്തായി സ്ത്രീ മാനസിക പ്രശ്നങ്ങൾ നേരിട്ടിരുന്നതായി പൊലീസ് പറയുന്നു. സ്ത്രീയെ ചോദ്യം ചെയ്യാൻ തുടങ്ങി. അതേസമയം പരിക്കേറ്റ കുട്ടികളുടെ മാതാപിതാക്കൾ സ്ത്രീക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.