ന്യൂഡൽഹി: ഇന്ത്യയിലെ നിയമം അനുസരിക്കാൻ ട്വിറ്റർ ബാധ്യസ്ഥരെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ്. കമ്പനിയുടെ ഇരട്ടത്താപ്പ് അം​ഗീകരിക്കില്ലെന്നും ഇന്ത്യയിൽ പ്രവർത്തിക്കണമെങ്കിൽ ഇന്ത്യയിലെ നിയമം അനുസരിക്കണമെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. സാമൂഹിക മാധ്യമങ്ങൾക്ക് രാജ്യത്ത് നിയന്ത്രണം കൊണ്ടുവരുമെന്നും അദ്ദേഹം രാജ്യസഭയിൽ പ്രഖ്യാപിച്ചു.

ഒടിടി പ്ലാറ്റുഫോമുകളെ നിയന്ത്രിക്കുന്നതിനൊപ്പം ഫേസ്‌ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം എന്നീ ആപ്ലിക്കേഷനുകൾക്കുമുള്ള നിയന്ത്രണത്തിനും സർക്കാർ തയ്യാറെടുക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ട്വിറ്റർ അധികൃതരുമായി ഇന്നലെ ഐടി സെക്രട്ടറി ഓൺലൈൻ കൂടിക്കാഴ്ച നടത്തുകയും നിലവിലെ വിവാദത്തിൽ താക്കീത് നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് തന്നെ പാർലമെൻറിൽ ട്വിറ്ററിന് മുന്നറിയിപ്പ് നൽകിയത്. അമേരിക്കയിൽ ഒരു നിലപാടും ഇന്ത്യയിൽ വേറൊരു നിലപാടും അംഗീകരിക്കില്ല. ഇരട്ടത്താപ്പ് അനുവദിക്കില്ല.

തെറ്റായ പ്രചാരണമെന്ന് ചൂണ്ടിക്കാട്ടി സർക്കാർ ആവശ്യപ്പെട്ടതിൽ ഒരു വിഭാഗം അക്കൗണ്ടുകൾ മാത്രമേ ട്വിറ്റർ റദ്ദാക്കിയിട്ടുള്ളു. ഒപ്പം മാധ്യമപ്രവർത്തകരുടെയും രാഷ്ട്രീയക്കാരുടെയും ആക്ടിവിസ്റ്റുകളുടെയും അക്കൗണ്ട് റദ്ദാക്കാനാകില്ലെന്ന് നിലപാടെടുത്ത് സർക്കാരിനെ ചൊടിപ്പിച്ചിട്ടുണ്ട്. നെറ്റ്ഫ്ലിക്സ് , ആമസോൺ പ്രൈം അടക്കമുള്ള ഒടിടികളെ നിയന്ത്രിക്കാനുള്ള നീക്കത്തിനൊപ്പം സമൂഹമാധ്യമങ്ങൾക്കുള്ള നിയന്ത്രണത്തിനും സർക്കാർ കരട് നിയമം തയ്യാറാക്കുകയാണ്.

പരാതികൾ പരിഗണിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് ആശ്രയിക്കാൻ ഒരു ഉദ്യോഗസ്ഥനെ നിയമിക്കുന്നതും പരാതി പരിഹാര സംവിധാനവും അടക്കമുള്ളവയാണ് കരട് നിയമത്തിലുള്ളത്. അതേസമയം ട്വിറ്ററിന് ബദലായുള്ള ഇന്ത്യൻ നിർമ്മിത കൂ ആപ്പ് പേരും ഇമെയിൽ അഡ്രസും ലിംഗവും അടക്കമുള്ള വ്യക്തിവിവരങ്ങൾ ചോർത്തുന്നുവെന്ന് ഫ്രഞ്ച് സൈബർ വിദഗ്ധൻ എലിയറ്റ് ആൻഡേഴ്സൺ ആരോപിച്ചിട്ടുണ്ട്.