ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ ജീവനക്കാർക്കുള്ള മാർഗരേഖയിൽ ഇളവ് അനുവദിച്ച് കേന്ദ്രസർക്കാർ.

ഗർഭിണികളും അംഗപരിമിതർക്കും ഇനി വീട്ടിലിരുന്ന് ജോലി ചെയ്താൽ മതി. അവർ ഓഫീസിൽ വരേണ്ടതില്ല എന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.

നിലവിൽ രാജ്യത്ത് ആശുപത്രികൾ കോവിഡ് രോഗികളെ കൊണ്ട് നിറയുകയാണ്. ഓക്സിജൻ പോലെ ചികിത്സയ്ക്ക് ആവശ്യമായ ഉപകരണങ്ങളുടെ ക്ഷാമവും നേരിടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഓഫീസിൽ ജീവനക്കാർ ഹാജരാകുന്നതുമായി ബന്ധപ്പെട്ട് മാർഗരേഖ പുതുക്കിയത്. വിവിധ മന്ത്രാലയങ്ങളിലെയും വിവിധ വകുപ്പുകളിലെയും സെക്രട്ടറിമാർ ഓഫീസിൽ ജീവനക്കാർ എത്തുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിയന്ത്രിക്കണമെന്ന് ഉത്തരവിൽ പറയുന്നു.

കേന്ദ്രസർക്കാർ ഓഫീസുകളിൽ ജീവനക്കാർക്കുള്ള നിയന്ത്രണം മെയ് 31 വരെ നീട്ടിയതായി കേന്ദ്രസർക്കാർ അറിയിച്ചു. അണ്ടർ സെക്രട്ടറി മുതൽ താഴെ തട്ടിലുള്ള ജീവനക്കാർ വരെയുള്ള വിഭാഗം ജീവനക്കാരിൽ 50 ശതമാനം ഓഫീസിൽ എത്തിയാൽ മതി. ഓഫീസിൽ എത്തുന്നതിന് വ്യത്യസ്ത സമയക്രമം നിശ്ചയിച്ച് ആൾക്കൂട്ടം ഒഴിവാക്കണം. കണ്ടെയ്ന്മെന്റ് സോണുകളിൽ നിന്ന് വരുന്നവർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണമെന്നും ഉത്തരവിൽ പറയുന്നു.