ലണ്ടൻ: കൊറോണയെ നിശ്ശേഷം ഇല്ലാതെയാക്കാൻ പറ്റില്ല എന്നാണ് ശാസ്ത്രലോകം പൊതുവേ വിലയിരുത്തുന്നത്. എന്നിരുന്നാലും, മനുഷ്യകുലത്തിന് ഒരു ഭീഷണിയാകാത്ത രീതിയിൽ ഈ വൈറസിനെ തളയ്ക്കാനാകുമെന്ന് അവർ വിശ്വസിക്കുന്നു. ലോക്കഡൗണും യാത്രാ നിയന്ത്രണങ്ങളുമൊക്കെ ഒഴിഞ്ഞ്, കൊറോണയ്ക്കൊപ്പം വലിയ ഭയമില്ലാതെ മനുഷ്യർ സാധാരണ ജീവിതം നയിക്കുന്ന കോവിഡാനന്തര കാലഘട്ടത്തിൽ, ജീവിത ശൈലിയിലും രീതികളിലുമൊക്കെ കാതലായ മാറ്റങ്ങൾവരുമെന്ന് സാമൂഹ്യശാസ്ത്രജ്ഞർ നേരത്തേ സൂചിപ്പിച്ചിരൂന്നു. ആ വഴിക്കുള്ള നിർണ്ണായകമായ ഒരു മാറ്റത്തിന് ആരംഭം കുറിക്കുകയാണ് ബ്രിട്ടൻ.

കോവിഡാനന്തര കാലഘട്ടത്തിലും വീട്ടിലിരുന്ന് തൊഴിൽ ചെയ്യുക എന്നത് ഒരു വ്യക്തിയുടെ മൗലികാവകാശമാക്കി മാറ്റാൻ ഒരുങ്ങുകയാണ് ബ്രിട്ടൻ. തൊഴിലിടത്തിലെത്തി ജോലി ചെയ്യേണ്ടത് ഒഴിച്ചുകൂടാൻ ആകാത്തതാണ് എന്ന് തെളിയിക്കാൻ കഴിയാത്തിടത്തോളം കാലം ഒരു തൊഴിലുടമയ്ക്ക് ഒരു തൊഴിലാളിയോടും തന്റെ സ്ഥാപനത്തിൽ എത്തി ജോലി ചെയ്യണമെന്ന് നിർബന്ധിക്കാനാകില്ല. അവർക്ക് എല്ലാവിധ സൗകര്യങ്ങളോടും ആനുകൂല്യങ്ങളോടും കൂടി വീട്ടിലിരുന്ന് ജോലിചെയ്യുവാനുള്ള അനുവാദം നൽകിയേതീരൂ. ഇതുസംബന്ധിച്ച് പുതിയ നിയമനിർമ്മാണത്തിന് ഒരുങ്ങുകയാണ് ബ്രിട്ടൻ.

ഇതുസംബന്ധിച്ച് വിവിധ മേഖലകളിൽ ഉള്ളവരുമായി ഈ വേനൽക്കാലത്ത് സർക്കാർ കൂടിക്കാഴ്‌ച്ചകൾ നടത്തും. ഈ വർഷം അവസാനത്തോടെ നിയമം പ്രാബല്യത്തിൽ കൊണ്ടുവരുവാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. എന്നാൽ, ഇത്തരത്തിലൊരു നീക്കം കടുത്ത ആശങ്കയും ഉയർത്തിയിട്ടുണ്ട്.തൊഴിലാളികളുടെ കാര്യക്ഷമതയെ ഇത് പ്രതികൂലമായി ബാധിക്കും എന്നാണ് പ്രധാന ആശങ്ക. മാത്രമല്ല, തൊഴിലാളികൾ, തൊഴിലിടങ്ങളിൽ നിർബന്ധമായും എത്തേണ്ടുന്ന തരം ബിസിനസ്സുകളേയും ഇത് ബാധിക്കും എന്ന് വിലയിരുത്തുന്നു. എന്നാൽ, അതിനെക്കാളോക്കെ ആശങ്കയുണർത്തുന്നത്, കോവിഡാനന്തര കാലത്ത് പട്ടണങ്ങളിലേയും നഗരങ്ങളിലേയും ബിസിനസ്സ് സെന്ററുകളിലും മറ്റും കോവിഡാനന്തര കാലത്തും സാധാരണ ജീവിതം മടങ്ങിയെത്തില്ല എന്നതാണ്.

ഇത്തരത്തിൽ ഒരു നിയമം നിലവിൽ വന്നാൽ ഏകദേശം 6 മില്ല്യൺ വൈറ്റ്-കോളർ ഉദ്യോഗങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് മാറ്റപ്പെടും എന്നൊരു മുന്നറിയിപ്പ് ടോണി ബ്ലെയർ നൽകിയതിനും പ്രസക്തിയുണ്ട്. ചാൻസലർ ഋഷി സുനാക് ഉൾപ്പടെ പല പ്രമുഖരും ഇത്തരത്തിലൊരു നീക്കത്തിന് എതിരാണ് എന്നും അറിയുന്നു. അതിനൊപ്പം, കൂടുതൽ അയവുള്ള പ്രവർത്തന സമയം നിശ്ചയിക്കാനും ഇടയുണ്ടെന്ന് വൈറ്റ്ഹാൾ വൃത്തങ്ങൾ സൂചന നൽകുന്നു. ഒരാൾക്ക് അല്പം വൈകിയും തൊഴിലിടത്തിൽ എത്തി തൊഴിൽ ചെയ്യാൻ ആകും,. ആരംഭത്തിൽ നഷ്ടമാകുന്ന പ്രവർത്തി സമയം അവസാന മണിക്കൂറുകളിൽ കൂടുതൽ നേരം ജോലി ചെയ്ത് നികത്താവുന്നതാണ് ഈ നിയമം.

അതേസമയം, വർക്ക് ഫ്രം ഹോം, വർക്ക് ഫ്രം ഓഫീസ് എന്നീ രണ്ടു രീതികളും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരുതരം സങ്കരയിനം തൊഴിൽ രീതി നടപ്പിലാക്കാനായിരിക്കും സർക്കാർ ശ്രമിക്കുക എന്നൊരു സൂചനയും ലഭിക്കുന്നുണ്ട്. ഈ പകർച്ചവ്യാധികാലത്ത് വീട്ടിൽ ഇരുന്ന് ജോലിചെയ്തവർക്ക് ഇതിനു ശേഷവും ആഴ്‌ച്ചയിൽ മുഴുവനായോ, ഏതാനും ദിവസങ്ങളിലോ വീട്ടിലിരുന്ന് ജോലിചെയ്യാൻ സൗകര്യമൊരുക്കുന്ന രീതിയാണിത്. ഇന്നലെ മന്ത്രിസഭായോഗത്തിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നതായി ചില സൂചനകൾ ഉണ്ട്. ജൂലായ് 19 ന് ശേഷം സാമൂഹിക അകലം പാലിക്കുന്നതുൾപ്പടെയുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചാലും കൂടുതൽ ആളുകൾ തൊഴിലിടങ്ങളിൽ എത്തി ജോലിചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കരുത് എന്നൊരു തീരുമാനം ഉണ്ടായതായി ചോർന്നു കിട്ടിയ ചില രേഖകളെ ആധാരമാക്കി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതുപോലെ ഫേസ് മാസ്‌ക് ധരിക്കുന്നത്, ലോക്ക്ഡൗൺ പിൻവലിച്ചതിനു ശേഷവും തുടരും. മാസങ്ങളോളവും ചിലപ്പോൾ വർഷങ്ങളോളവും പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കേണ്ടതായി വന്നേക്കാം. അതുപോലെ വിദേശ യാത്രകളിലുള്ള നിയന്ത്രണങ്ങളും ഇനി കുറെയേറെ നാളുകൾ കൂടി തുടരാനാണ് സാധ്യത.