മാഞ്ചസ്റ്റർ: ഒരിടവേളയ്ക്കുശേഷം ബ്രിട്ടനിൽ വേണ്ടും കത്തിയുമായി അക്രമിയുടെ അഴിഞ്ഞാട്ടം. മാഞ്ചസ്റ്ററിലെ വിക്ടോറിയ സ്‌റ്റേഷനിലാണ് അക്രമി യാത്രക്കാരെ മുൾമുനയിൽ നിർത്തി അഴിഞ്ഞാടിയത്. അള്ളാഹു അക്‌ബർ എന്നുവിളിച്ചുകൊണ്ട് ഇയാൾ നടത്തിയ അക്രമത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. കത്തിക്കുത്തേറ്റവരിൽ ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പൊലീസിലെ ഒരു ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. അക്രമിയെ പിന്നീട് പൊലീസ് കീഴ്‌പ്പെടുത്തി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

നഗരമധ്യത്തിലെ റെയിൽവേ സ്‌റ്റേഷനിൽ നടന്ന ആക്രമണം സുരക്ഷാ ഉദ്യോഗസ്ഥരെയും പരിഭ്രാന്തരാക്കി. പരിക്കേറ്റവരിൽ ഒരു പുരുഷനും ഒരു സ്ത്രീയും ഉൾപ്പെടുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. അടുക്കളയിൽ ഉപയോഗിക്കുന്ന തരം വലിയ കത്തിയുമായാണ് അക്രമി ആൾക്കൂട്ടത്തെ വിറപ്പിച്ചത്. സംഭവസ്ഥലത്ത് കുതിച്ചെത്തിയ പൊലീസ് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. അക്രമി ഉച്ചത്തിൽ അള്ളാ എന്ന് വിളിക്കുന്നത് കേൾക്കാമായിരുന്നുവെന്ന് ബിബിസിയിലെ മാധ്യമപ്രവർത്തകനും ദൃക്‌സാക്ഷിയുമായ സാം ക്ലാർക്ക് റിപ്പോർട്ട് ചെയ്തു.

ഒരു അടിപിടിയാണ് നടക്കുന്നതെന്നാണ് കരുതിയതെന്ന് സാം ക്ലാർക്ക് പറഞ്ഞു. അടുത്തുനിന്നിരുന്ന സ്ത്രീയുടെ ഉച്ചത്തിലുള്ള കരച്ചിൽകേട്ടാണ് എല്ലാവരും അവിടേക്ക് നോക്കിയത്. അപ്പോഴാണ് അതൊരു അക്രമമാണെന്ന് തിരിച്ചറിഞ്ഞത്. പൊലീസ് ഉടൻതന്നെ സ്ഥലത്തെത്തുകയും ഇയാളെ കീഴ്‌പ്പെടുത്തുകയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 12 ഇഞ്ചെങ്കിലും വലിപ്പമുള്ള കറിക്കത്തിയുമായാണ് ഇയാൾ സ്റ്റേഷനിലെത്തിയത്. ഇത്ര വലിയ ആയുധവുമായി എങ്ങനെ സ്റ്റേഷനുള്ളിൽ കയറാനായി എന്നത് പൊലീസിനെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.

ഇയാളെ കീഴ്‌പ്പെടുത്താൻ ആദ്യം സ്ഥലത്തെത്തിയ പൊലീസുദ്യോഗസ്ഥനാണ് കുത്തേറ്റത്. പിന്നീടുവന്ന പൊലീസുകാർ ഇയാൾക്കുനേരെ കുരുമുളക് സ്‌പ്രേ അടിക്കുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ആറോ ഏഴോ പൊലീസുകാർ ചേർന്നാണ് ഇയാളെ കീഴടക്കിയത്. മറ്റു രാജ്യങ്ങളിൽ ബോംബിടുന്ന നിങ്ങൾക്കുനേരെ ഇത്തരം ആക്രമണങ്ങൾ ഇനിയുമുണ്ടാകുമെന്ന് ഇയാൾ വിളിച്ചുപറയുന്നത് കേൾക്കാമായിരുന്നുവെന്നും സാം ക്ലാർക്ക് റിപ്പോർട്ട് ചെയ്തു.