ദുബായ്: രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ മത്സരക്രമവും പോയിന്റ് ഘടനയും പുറത്തുവിട്ട് ഐസിസി. ഓരോ ടെസ്റ്റ് ജയത്തിനും 12 പോയന്റാണ് ലഭിക്കുക. ഇതനുസരിച്ച് രണ്ട് ടെസ്റ്റുകളുടെ പരമ്പരക്ക് 24 പോയിന്റും, മൂന്ന് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് 36 പോയിന്റും നാല് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് 48 പോയിന്റും അഞ്ച് ടെസ്റ്റുകളുടെ പരമ്പരക്ക് 60 പോയിന്റുമാണ് ടീമുകൾക്ക് കിട്ടുക.

ഒരു ടെസ്റ്റ് ജയിച്ചാലും ടൈ ആയാലും 12 പോയിന്റ് കിട്ടും. കളി സമനില ആയാൽ നാല് പോയിന്റും കിട്ടും. ആകെ കിട്ടിയ പോയിന്റുകളുടെ ശതമാനത്തിന്റെ അടിസ്ഥാനത്തിലാവും പോയിന്റ് പട്ടികയിലെ സ്ഥാനം. ഓഗസ്റ്റ് നാലിന് തുടങ്ങുന്ന ഇന്ത്യ, ഇംഗ്ലണ്ട് ടെസ്റ്റോടെയാണ് രണ്ടാം ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് തുടക്കമാവുക.

ഒൻപത് ടീമുകൾ ആറ് പരമ്പര വീതം കളിക്കും. സ്വന്തം നാട്ടിലും വിദേശത്തും മൂന്ന് പരമ്പര വീതം. ഐ സി സി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ശ്രീലങ്ക, ന്യൂസിലൻഡ്, ഓസ്ട്രേലിയ, എന്നിവർക്കെതിരെയാണ് ഇന്ത്യയുടെ ഹോം മത്സരങ്ങൾ. ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നിവർക്കെതിരെ എവേ മത്സരങ്ങളും നടക്കും. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ അഞ്ച് ടെസ്റ്റുകളിലാണ് കളിക്കുക.

2023 മാർച്ചിനുള്ളിലാണ് ഈ പരമ്പരകൾ നടക്കുക. ഫൈനലിന്റെ തീയയി പ്രഖ്യാപിച്ചിട്ടില്ല. ഫൈനൽ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാക്കണമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും പരീശീലകൻ രവി ശാസ്ത്രിയും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തെക്കുറിച്ചും ഐസിസി വ്യക്തത വരുത്തിയിട്ടില്ല. ഇന്ത്യയെ തോൽപിച്ച ന്യൂസിലൻഡാണ് പ്രഥമ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ജേതാക്കൾ.