ബംഗളുരു: ചൈനീസ് ഐഫോൺ എന്ന പേരിൽ പ്രശസ്തമായ ഷവോമിയുടെ ഇന്ത്യയിലെ ആദ്യത്തെ ഓഫ്‌ലൈൻ ഷോപ്പ് ബംഗളുരുവിൽതുറന്നു. കുറഞ്ഞവിലയിൽ ഗുണമേന്മയുള്ള ഫോണുമായി വിപണി കീഴടക്കിയ ഷവോമിക്ക് ഇക്കാലമത്രയും ഓൺലൈനിൽമാത്രമായിരുന്നു വിൽപനയുണ്ടായിരുന്നത്. ഇന്ത്യയിലെ മറ്റു നഗരങ്ങളിലും ഉടൻ ഓഫ്‌ലൈൻ ഷോപ്പുകൾ തുറക്കാനാണു കമ്പനിയുടെ പദ്ധതി.

ബംഗളുരുവിൽ വൈറ്റ്ഫീൽഡിൽ ഫീനിക്‌സ് മാർക്കറ്റ് സിറ്റിയിലാണ് ഇന്ത്യയിലെ ആദ്യത്തെ ഷോപ്പ് ഷവോമി തുറന്നത്. എംഐ 5, റെഡ്മി നോട്ട് 4 തുടങ്ങിയ ഫോണുകൾ മെയ്‌ ഇരുപതു മുതൽ ഇവിടെനിന്നു വാങ്ങാൻ കഴിയും. നിലവിൽ മുമ്പിറക്കിയ മോഡലുകൾ മാത്രമാണ് ഷോപ്പിലുള്ളത്. ഷവോമിക്ക് ചൈന കൂടാതെ സിംഗപ്പൂരിലും ഹോങ്കോംഗിലുമാണ് ഇത്രയും കാലം ഓഫ്‌ലൈൻ ഷോപ്പുണ്ടായിരുന്നത്.

ഇന്ത്യയിൽ മുംബൈ, ഡൽഹി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ സമീപമാസങ്ങളിൽതന്നെ ഷോപ്പുകൾതുറക്കും. രണ്ടുവർഷത്തിനുള്ളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങൡലായി 100 ഷോപ്പുകൾ തുറക്കാനാണു പദ്ധതിയെന്നു ഷവോമി ഇന്ത്യ മാനേജിങ് ഡയറക്ടറും വൈസ്പ്രസിഡന്റുമായ മനു ജെയിൻ പറഞ്ഞു. സ്റ്റോക്കില്ലാത്ത മോഡലുകൾ ടോക്കൺ തുക നൽകി ബുക്ക് ചെയ്യാനും സ്‌റ്റോറുകളിൽ സൗകര്യമുണ്ടായിരിക്കും. എംഐ ഹോം എന്നായിരിക്കും സ്‌റ്റോറുകളുടെ പേര്.