ന്യൂഡൽഹി: കെ.കെ.ശൈലജയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താതിരുന്നതിനെ ചൊല്ലിയുള്ള കോലാഹലങ്ങൾ പുതിയ മന്ത്രിസഭ അധികാരമേറ്റതോടെ അവസാനിച്ചെങ്കിലും അനുരണനങ്ങൾ ഇപ്പോഴും ഉണ്ട്. ശൈലജ ടീച്ചർ തന്നെ പറഞ്ഞത് പോലെ പ്രതിഷേധങ്ങളൊക്കെ രണ്ടുദിവസം കൊണ്ട് കെട്ടടങ്ങി. അതേസമയം, ഈ വിഷയത്തിൽ പൊതുസമൂഹത്തിൽ പലർക്കുമുണ്ടായ സംശയങ്ങൾ നീക്കാൻ ശ്രമിക്കുകയാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് യെച്ചൂരി കാര്യങ്ങൾ വിശദമാക്കിയത്.

മന്ത്രിമാരെ തീരുമാനിക്കുന്നതിൽ കേന്ദ്രകമ്മിറ്റി ഇടപെടാറില്ലെന്നും കെ കെ ശൈലജ മന്ത്രിയാവില്ലെന്ന് അറിഞ്ഞത് സെക്രട്ടേറിയറ്റ് തീരുമാനത്തിന് ശേഷമെന്നും യെച്ചൂരി പറഞ്ഞു. സ്ഥാനാർത്ഥികളുടെ പട്ടിക കേന്ദ്രത്തിന് കൈമാറുമെങ്കിലും മന്ത്രിമാരെ തീരുമാനിക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണ്. ബംഗാളിൽ ഒരിക്കൽ പോലും മന്ത്രിമാരെ തീരുമാനിക്കുന്നതിൽ കേന്ദ്രകമ്മിറ്റി ഇടപെട്ടിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു. ശൈലജ ജനങ്ങളുടെ വിശ്വാസം നേടിയെന്ന് മാത്രമല്ല രാജ്യത്തിന് ആകെ മാതൃകയായി. ശൈലജയുടെ സേവനം പാർട്ടി ഇനിയും ഉപയോഗിക്കും. കഴിഞ്ഞതവണ എൽഡിഎഫ് സർക്കാരിൽ രണ്ടുവനിതാ മന്ത്രിമാരാണ് ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ അത് മൂന്നായി.


സിപിഎമ്മിൽ ആരുടെയും അധീശ്വതമുണ്ടാകില്ലെന്നും യെച്ചൂരി പറഞ്ഞു. ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവിന് പോലും ആധിപത്യം ഉണ്ടായിരുന്നില്ലെന്നും സിപിഎമ്മിൽ വൺമാൻ ഷോയില്ലെന്നും യെച്ചൂരി പറഞ്ഞു. പിണറായി വിജയനാണ് എല്ലാം തീരുമാനിക്കുന്നതെന്ന് പ്രചാരണം നടന്നു. വ്യക്തികളുടെ സംഭാവന ഉണ്ടാകും. എന്നാൽ പാർട്ടി കൂട്ടായാണ് പ്രവർത്തിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. കേരളത്തിൽ പാർട്ടി വലിയ വിജയമാണ് നേടിയത്. ചരിത്ര വിജയം നേടിയ സർക്കാർ ജനങ്ങളെ മഹാമാരിയിൽ നിന്ന് രക്ഷിക്കണം. പ്രകടനപത്രികയിൽ പറയുന്നത് നടപ്പാക്കണമെന്നും യെച്ചൂരി പറഞ്ഞു.

ജിഎസ്ടി കൗൺസിൽ ഫെഡറൽ നയത്തിനായി വാദിച്ചയാളാണ് തോമസ് ഐസക്ക്. സ്ഥാനാർത്ഥികളാക്കാതെ അവരെ മാറ്റിയതും നയപരമായ തീരുമാനമായിരുന്നെന്ന് യെച്ചൂരി പറഞ്ഞു. ആരോഗ്യം മെച്ചപ്പെട്ടാൽ കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരുമെന്നും യെച്ചൂരി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം കേന്ദ്രസർക്കാരിന് ഒരു മുന്നറിയിപ്പായിരുന്നു. നയപരമായ ബദൽ വേണം എന്നതിന് തെളിവാണ് ഫലം. കേരളത്തിലുണ്ടായിരുന്ന ബിജെപിയുടെ ഒരു സീറ്റ് പോലും പോയി. ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററെ മാറ്റണമെന്നും ജനങ്ങളുടെ വികാരം മനസ്സിലാക്കാതെയും നിയമ വിരുദ്ധമായുമാണ് അവിടുത്തെ നടപടികളെന്നും യെച്ചൂരി പറഞ്ഞു. അമിത് ഷായാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും യെച്ചൂരി കൂട്ടിച്ചേർത്തു