ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനം ബി എസ് യെദ്യൂരപ്പ രാജിവെച്ചതിൽ അദ്ദേഹത്തിന്റെ തട്ടകമായ ശിവമോഗയിലെ ശിക്കാരിപുരയിൽ കടുത്ത അതൃപ്തി. കടകളും ബിസിനസ് സ്ഥാപനങ്ങളും അടച്ചാണ് യെദ്യൂരപ്പയുടെ അനുകൂലികൾ പ്രതിഷേധിച്ചത്. വാർത്താ ഏജൻസിയായ എഎൻഐയാണ് റിപ്പോർട്ട് ചെയ്തത്.

ശിക്കാരിപുരയിൽ നിന്നാണ് യെദ്യൂരപ്പ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ആരംഭിക്കുന്നത്. പുരസഭ പ്രസിഡന്റായി ആദ്യം തെരഞ്ഞെടുക്കപ്പെട്ടു. 1983ൽ ശിക്കാരിപുര മണ്ഡലത്തിൽ നിന്ന് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് എട്ട് തവണ ഇതേ മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു.

കർണാടകയിലെ പ്രമുഖ ലിംഗായത്ത് നേതാവാണ് യെദ്യൂരപ്പ. രണ്ടാഴ്ചത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നത്. മുഖ്യമന്ത്രിയായി രണ്ട് വർഷത്തിന് ശേഷമാണ് രാജി.

യെദ്യൂരപ്പയുടെ പിൻഗാമിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകുമെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്. അതുവരെ കാവൽ മുഖ്യമന്ത്രിയായി യെദ്യൂരപ്പ തുടരും.