ന്യൂഡൽഹി: കറുപ്പ്, വെളുപ്പ് ഫംഗസുകൾ രാജ്യത്തെ പൊറുതികെടുത്തുന്നതിന് പിന്നാലെ യെല്ലോ ഫംഗസും സ്ഥിരീകരിച്ചു. യുപിയിലെ ഗസ്സിയാബാദിലാണ് ആദ്യകേസ് റിപ്പോർട്ട് ചെയ്തത്. യെല്ലോ ഫംഗസ് ബ്ലാക്ക്-വൈറ്റ് ഫംഗസുകളേക്കാൾ അപകടകാരിയെന്നാണ് റിപ്പോർട്ട്.

മഞ്ഞ ഫംഗസ് ബാധിച്ച രോഗി ഇപ്പോൾ ഗസ്സിയാബാദിലെ ആശുപത്രിയിൽ ചികിത്സയിലാണ്. രോഗപ്രതിരോധ ശേഷി കുറവുള്ളവർ ജാഗ്രത പാലിക്കണമെന്നും ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ ബന്ധപ്പെടണമെന്നും വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. പ്രമേഹം, അർബുദം, മറ്റ് രോഗാവസ്ഥ എന്നിവയുള്ളവരും ജാഗ്രത പാലിക്കണം.

ലക്ഷണങ്ങൾ: വിശപ്പില്ലായ്മ, ഭാരം കുറയൽ, അലസത.

ഗുരുതര കേസുകളിൽ മുറിവ് സുഖപ്പെടാൻ സമയമെടുക്കുക, പഴുപ്പ്, വ്രണം എന്നിവയുണ്ടാവുക, പോഷകാഹാരക്കുറവ്, അവയവങ്ങൾ തകരാറിലാകൽ, നെക്രോസിസ് മൂലം കണ്ണുകൾ തകരാറിലാകുക.

ആന്തരികാവയവങ്ങളെയാണ് തുടക്കത്തിൽ തന്നെ ബാധിക്കുക എന്നതുകൊണ്ട് കൂടുതൽ മാരകമാണ്. ലക്ഷണങ്ങൾ കണ്ടാൽ, അപ്പോൾ തന്നെ ഡോക്ടറെ കാണണം. ആന്റി ഫംഗൽ മരുന്നായ ആംഫോട്ടെറിസിൻ ബി ഇഞ്ചക്ഷൻ മാത്രമാണ് യെല്ലോ ഫംഗസിന് ചികിത്സ.

ഗസ്സിയാബാദിലെ ഇഎൻടി സ്‌പെഷ്യലിസ്റ്റായ ബിപി ത്യാഗിയാണ് യെല്ലോ ഫംഗസ് ബാധിച്ച രോഗിയെ ചികിത്സിക്കുന്നുണ്ടെന്ന് അറിയിച്ചത്. സഞ്ജയ് നഗറിലെ 45 കാരനായ രോഗിക്ക് യെല്ലോ ഫംഗസ് കൂടാതെ ബ്ലാക്ക്-വൈറ്റ് ഫംഗസുകളും ഉണ്ടെന്ന് പറയപ്പെടുന്നു, ആദ്യ പരിശോധനയിൽ രോഗി നോർമലായാണ് ഡോ.ത്യാഗിക്ക് തോന്നിയത്. എന്നാൽ, വിശദ പരിശോധനയിൽ മൂന്നുവൈറസുകളും ഉണ്ടെന്ന് വ്യക്തമാവുകയായിരുന്നു.

'ഉരഗവർഗ്ഗങ്ങളിലാണ് സാധാരണ ഈ ഫംഗസ് കണ്ടുവരുന്നത്. ഞാൻ ഈ രോഗം ആദ്യമായാണ് കാണുന്നത്. ആംഫോട്ടെറിസിൻ ബി ഇഞ്ചക്ഷനാണ് ചികിത്സ. ഭേദപ്പെടാൻ വളരെ സമയമെടുക്കും. ഈ രോഗിയുടെ ആരോഗ്യനില വളരെ മെച്ചപ്പെട്ടതെന്ന് പറഞ്ഞുകൂടാ, ഇപ്പോഴും ചികിത്സ തുടരുകയാണ്, ഡോ.ത്യാഗി പറഞ്ഞു.

ഈ രോഗം ബാധിക്കാതിരിക്കാൻ ശുചിത്വം വളരെ പ്രധാനമാണ്. വൃത്തിയില്ലായ്മ മൂലമാണ് രോഗബാധ ഉണ്ടാകുന്നത്. പരിസരം ശുചിയാക്കി വച്ചാൽ രോഗബാധ ഒഴിവാക്കാം.

രോഗിയുടെ മകൻ അഭിഷേകിന്റെ വാക്കുകൾ ഇങ്ങനെ: 'അച്ഛൻ കൊറോണയ്ക്ക് ചികിത്സിച്ച് വരികയായിരുന്നു. കഴിഞ്ഞ രണ്ട്-മൂന്നുദിവസമായി കണ്ണുകൾ വീർത്ത് വന്നു. പിന്നീട് പെട്ടെന്ന് അടഞ്ഞുപോയി. മൂക്കിൽ നിന്ന് ചോര വന്നു. മൂത്രവും അറിയാതെ പോയി'

പ്രമേഹം നിയന്ത്രിക്കുക പ്രധാനം

ഏതുതരം ഫംഗസായാവും പ്രമേഹം നിയന്ത്രിച്ച് നിർത്തുക സുപ്രധാനമെന്ന് മെഡിക്കൽ വിദഗ്ദ്ധർ പറയുന്നു. പ്രമേഹ രോഗികളുടെ പ്രതിരോധ വ്യവസ്ഥ കുറച്ച് ദുർബലമായിരിക്കും. അതുകൊണ്ട് തന്നെ ഫംഗസ് ബാധയ്ക്കുള്ള റിസ്‌ക് കൂടുതലാണ്. കോവിഡ് 19 പ്രമേഹരോഗികളാണ് സാരമായി ബാധിക്കുക. അത് റിസ്‌ക് കൂട്ടുകയും ചെയ്യും. സ്റ്റിറോയിഡുകൾ കഴിക്കുന്നവരിലും പ്രതിരോധ ശേഷ് കുറവായിരിക്കും..

കേരളത്തിൽ ബ്ലാക്ക് ഫംഗസ് മൂലം ഒമ്പത് മരണം

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് (മ്യൂക്കർമൈക്കോസിസ്) ബാധിച്ച ഒമ്പതു പേരുടെ മരണം സ്ഥിരീകരിച്ചു. മൂന്ന് ഇതര സംസ്ഥാനക്കാരുൾപ്പെടെ 35 പേരാണ് ചികിത്സയിലുള്ളത്. ആന്റിഫംഗൽ കുത്തിവയ്പിനുള്ള മരുന്നിന്റ ക്ഷാമം രൂക്ഷമാണ്. കോവിഡ് ബാധിച്ചവർ പ്രമേഹം നിയന്ത്രിച്ചു നിർത്തണമെന്നും ലക്ഷണങ്ങളെ അവഗണിക്കരുതെന്നും ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഇതുവരെ 44 പേർക്കാണ് സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. ഇതിൽ 9 പേർ മരണത്തിന് കീഴടങ്ങി. എറണാകുളം, കോട്ടയം ജില്ലകളിൽ ചികിത്സയിലായിരുന്ന നാല് പേരാണ് ഒടുവിൽ മരിച്ചത്. മലപ്പുറം 11, കോഴിക്കോട് 6, തൃശൂർ 5, പാലക്കാട് 5, എറണാകുളം 4, തിരുവനന്തപുരം 3, കൊല്ലം, പത്തനംതിട്ട, കോട്ടയം 2 പേർ വീതം, കണ്ണൂർ 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.

മണ്ണിലും വായുവിലുമൊക്കെ കാണപ്പെടുന്ന മ്യൂക്കർമൈസെറ്റ്‌സ് ഇനത്തിൽപെട്ട ഫംഗസുകളാണ് രോഗം പരത്തുന്നത്. എച്ച്‌ഐവി ബാധിതരിലും വളരെക്കാലമായി പ്രമേഹമുള്ളവരിലും പ്രതിരോധശേഷി കുറവായിരിക്കുമെന്നതാണ് ഇവരിൽ ഫംഗസ് ബാധ ഗുരുതരമാകാൻ കാരണം.