ന്യൂഡൽഹി: മോദിക്കെതിരെ പരിഹാസവുമായി ബിജെപി മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ. യശ്വന്ത സിൻഹ വെള്ളിയാഴ്ച ട്വിറ്ററിൽ നടത്തിയ പരാമർശം ആയിരങ്ങൾ 'ലൈക്' ചെയ്യുകയും ആയിരത്തിലേറെ പേർ റീ ട്വീറ്റുകൾ ചെയ്യുകയും ചെയ്തു.''ജീവിതത്തിൽ മോദി ഏതെങ്കിലും സമരത്തിൽ പങ്കെടുത്തിട്ടുണ്ടോ ഗൂഗ്‌ളിൽ ഞാൻ തിരഞ്ഞിട്ട് കണ്ടത് ഡൽഹി യൂനിവേഴ്‌സിറ്റിയിൽ നിന്ന് 'മൊത്തം രാഷ്ട്രമീമാംസയിലും' നേടിയ ബിരുദം മാത്രമാണ്. വിഷയത്തിൽ ആർക്കെങ്കിലും എനിക് അവബോധം നൽകാനാവുമോ'' എന്നാണ് ചോദ്യം.ട്വീറ്റിനു പിറകിൽ അഭിപ്രായ പ്രകടനവും പരിഹാസവുമായി എത്തുന്നവരാണ് കൂടുതൽ.

മൊത്തം രാഷ്ട്രമീമാംസയിലും എന്ന പദപ്രയോഗം പരിഹാസമെന്ന് തിരിച്ചറിഞ്ഞ ചിലർ ആ പറഞ്ഞ ബിരുദം ബ്രഹ്മാണ്ഡ രാഷ്ട്ര മീമാംസയിലാണെന്നു തിരുത്തുന്നുണ്ട്. കശ്മീരിൽ ഇന്ത്യൻ പതാക ഉയർത്താൻ പോയത് സമര പങ്കാളിത്തമായി ചൂണ്ടിക്കാട്ടുന്ന ചിലർ രഥയാത്രക്കിടെ അദ്വാനിയിൽനിന്ന് മൈക് വാങ്ങിയതിന്റെ ചിത്രമുണ്ടെന്നും പറയുന്നു.ഡൽഹി യൂനിവേഴ്‌സിറ്റിയിൽനിന്ന് നേടിയെന്ന് പറയുന്ന ബിരുദവുമായി ബന്ധപ്പെട്ട് തുടരുന്ന വിവാദങ്ങളും തുടർച്ചയായി ചിലർ എടുത്തുകാണിക്കുന്നു. പ്രധാനമന്ത്രിക്ക് മാത്രമായി ഉണ്ടാക്കിയ ബിരുദമാണിതെന്നും ചിലർ പ്രതികരിക്കുന്നു.

മുൻ കേന്ദ്ര ധനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്ന യശ്വന്ത് സിൻഹയെ ട്വിറ്ററിൽ രണ്ടു ലക്ഷത്തോളം പേർ പിന്തുടരുന്നുണ്ട്. കേന്ദ്ര സർക്കാറിനെതിരെ സമൂഹ മാധ്യമത്തിൽ കടുത്ത വിമർശനങ്ങളുമായി രംഗത്തുള്ള സിൻഹ ജസ്റ്റീസ് ഗൊഗോയ്ക്കു നൽകിയതിന് സമാനമായി ജസ്റ്റ്‌സ് എം.ആർ ഷാക്കും വിരമിച്ച ശേഷം രാജ്യസഭ സീറ്റ് നൽകി അനുഗ്രഹിക്കണമെന്നും നേരത്തെ ആവശ്യപ്പെട്ടിരുന്നു. സമാധാനപരമായി നടത്തുന്ന സമരങ്ങളെ പോലും ദേശവിരുദ്ധമായി ചിത്രീകരിച്ച് നേരിടുന്ന കേന്ദ്ര സമീപനവും അന്ന് വാജ്‌പെയ് ഉൾപെടെ രാഷ്ട്രപതി ഭവനു മുന്നിൽ നടത്തിയ സമരവും തമ്മിലെ വൈരുധ്യവും മറ്റൊരു ട്വീറ്റിലുണ്ട്.