ഗൊരഖ്പുർ: ഉത്തർപ്രദേശിൽ ഒരു മാസത്തിനുള്ള കോവിഡ് വാക്‌സിൻ തയാറാകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയിൽ രോഗവ്യാപനം പിടിച്ചുനിർത്താനായിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഗൊരഖ്പുർ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നടന്ന 'ആരോഗ്യകരമായ കിഴക്കൻ ഉത്തർപ്രദേശ്' പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിൽ കോവിഡ് മരണനിരക്ക് എട്ട് ശതമാനമാണ്. എന്നാൽ, ഉത്തർപ്രദേശിൽ 1.04 ശതമാനം മാത്രമാണ് രേഖപ്പെടുത്തിയത്. കോവിഡിനെ നിയന്ത്രിക്കുന്നതിൽ സംസ്ഥാനത്തിന് ലോകാരോഗ്യ സംഘടനയിൽനിന്ന് പ്രശംസ ലഭിച്ചിട്ടുണ്ട്. അതിനെക്കുറിച്ച് ഒരു ഗവേഷണ പ്രബന്ധം ആവശ്യമാണ്. കൂട്ടായുള്ള പ്രവർത്തനങ്ങൾ എപ്പോഴും മികച്ച മുതൽക്കൂട്ടാണ്. എയിംസ് പോലുള്ള ആരോഗ്യ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ തങ്ങളുടെ പങ്ക് തിരിച്ചറിയണം.

ഈ മേഖലയെക്കുറിച്ച് കൂടുതൽ ഗവേഷണങ്ങൾ നടത്തേണ്ടതുണ്ട്. കിഴക്കൻ-വടക്കൻ ബിഹാർ, നേപ്പാൾ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന അഞ്ച് കോടി ജനങ്ങൾ ആരോഗ്യ കാര്യങ്ങൾക്ക് ഗൊരഖ്പുറിനെയാണ് ആശ്രയിക്കുന്നത്' -യോഗി ആദിത്യനാഥ് പറഞ്ഞു. 5.6 ലക്ഷം പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 8011 പേർ മരിക്കുകയും ചെയ്തു.