ന്യൂഡൽഹി: കോവിഡ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സ്ഥാനചലനമുണ്ടാകില്ല. യോഗിയെ പോലെ ജനങ്ങൾക്കിടയിൽ മറ്റൊരു നേതാവിന് സ്വാധീനമുണ്ടാക്കാൻ സാധിക്കില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ബിജെപി സംസ്ഥാന അധ്യക്ഷനായി സ്വതന്ത്ര ദേവ് സിങ്ങും തുടരും. ഇവരുടെ നേതൃത്വത്തിൽതന്നെ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാനും തീരുമാനമായി. ബിജെപി ദേശീയ നേതൃത്വം ലക്‌നൗവിൽ രണ്ട് ദിവസമായി നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം.

മുൻ ഉദ്യോഗസ്ഥനും മോദിയുടെ വിശ്വസ്തനുമായ എ.കെ. ശർമയെ ഉത്തർപ്രദേശിൽ നിർണായക ചുമതല ഏൽപ്പിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സർക്കാർ വിമർശനം നേരിടുന്നതിനിടെയാണ് പുതിയ നീക്കം.

മന്ത്രിസഭാ വികസനം ഈ മാസം നടക്കും. ജാതി, പ്രാദേശിക സമവാക്യങ്ങൾ മുൻനിർത്തിയായിരിക്കും മന്ത്രിസഭാ വികസനം. യുപി സർക്കാരിൽ എ.കെ. ശർമ നിർണായക റോളിലെത്തുമെന്നാണ് സൂചന.

കോവിഡ് പ്രതിസന്ധി നേരിടുന്നതിൽ രൂക്ഷ വിമർശനത്തിന് വിധേയനായ യോഗിയെ മാറ്റുന്നതിനെക്കുറിച്ച് ചർച്ചകൾ ഉടലെടുത്തിരുന്നു. എന്നാൽ മാറ്റേണ്ടതില്ലെന്ന് യോഗത്തിനുശേഷം തീരുമാനമുണ്ടായി. മുതിർന്ന നേതാക്കളായ ബി.എൽ. സന്തോഷ്, രാധാ മോഹൻ സിങ് എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ച നടത്തിയത്. കോവിഡ് രണ്ടാം തരംഗം നേരിടാൻ യോഗി സർക്കാരിന് സാധിച്ചുവെന്ന് ഇവർ അറിയിച്ചു. 5 ആഴ്ചകൊണ്ട് കോവിഡ് കേസുകൾ 93% കുറയ്ക്കാനായെന്നും വിലയിരുത്തി.

യുപി സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളെക്കുറിച്ച് ആർഎസ്എസും ആശങ്ക അറിയിച്ചിരുന്നു. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹോസ്‌ബൊൽ കഴിഞ്ഞ ആഴ്ച യുപിയിലെത്തി ബിജെപി നേതാക്കളേയും ആർഎസ്എസ് നേതാക്കളേയും സന്ദർശിച്ചിരുന്നു. ദത്താത്രേയയുടെ നിർദേശാനുസരണമാണ് ബിജെപി നേതാക്കൾ ഉത്തർപ്രദേശിലെത്തിയത്. അടുത്തമാസം ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ യുപി സന്ദർശിച്ച് മാറ്റങ്ങൾ വിലയിരുത്തും.

ഗംഗ നദിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഒഴുകി നടന്നതും മറ്റും സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. പാർട്ടി എംപിമാരും എംഎൽഎമാരും സർക്കാരിനെതിരെ രംഗത്തെത്തുകയും ചെയ്തു. ഇതേത്തുടർന്നാണ് ദേശീയ നേതൃത്വം ഇടപെട്ടത്