കണ്ണൂർ: ബാങ്ക് അക്കൗണ്ടുകളുടെ പേരിൽ തട്ടിപ്പുകൾ സംസ്ഥാനത്ത് വ്യാപകമാണ്. ഇത്തരം തട്ടിപ്പുകളെ കരുതിയിരിക്കണെന്ന് നേരത്തെ തന്നെ സംസ്ഥാന പൊലീസ് മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ, ഈ മുന്നറിയിപ്പൊന്നും പലരും വകവെക്കാതെ വന്നതോടെ ലക്ഷങ്ങൾ നഷ്ടമായവരുണ്ട്. എസ്‌ബിഐയുടെ ബാങ്ക് അക്കൗണ്ട് ബ്ലോക്കാണെന്ന കാണിച്ചു എസ്എംഎസിലൂടെ തെറ്റിദ്ധരിപ്പിച്ചു സംസ്ഥാനത്ത് വ്യാപകമായി തട്ടിപ്പു നടക്കുന്നതായി സൈബർ പൊലീസിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ നൂറു കണക്കിനു പേരാണു തട്ടിപ്പിനിരയായത്. തൃശൂരിൽ തട്ടിപ്പിനിരയായവരിൽ ഒരു എസ്‌ഐയും ഉൾപ്പെടും എന്നതാണ് പ്രത്യേകത.

ഹാക്കർമാർ ഉപയോഗിക്കുന്ന പതിവു ശൈലിയാണ് ഇവിടെയും പ്രയോഗിക്കപ്പെട്ട്. ബാങ്ക് അക്കൗണ്ട് ബ്ലോക്കാണ്, യോനോ ആപ് പ്രവർത്തനരഹിതമാണ്, നെറ്റ് ബാങ്കിങ് സേവനം നിലയ്ക്കും തുടങ്ങിയ വ്യാജ മുന്നറിയിപ്പോടെയുള്ള മൊബൈൽ എസ്എംഎസിലൂടെയാണു തട്ടിപ്പ്. ഇതു പരിഹരിക്കാൻ ഇകെവൈസി (ഇടപാടുകാരന്റെ വിശദാംശങ്ങൾ) വിവരങ്ങൾ നൽകാനായി തട്ടിപ്പുകാരുടെ സൈറ്റിലേക്കുള്ള ലിങ്കും ഇതേ എസ്എംഎസിലുണ്ടാകും. ഇതിൽ ക്ലിക് ചെയ്യുന്നവർ, എസ്‌ബിഐയുടേതിനു തീർത്തും സമാനമായ വ്യാജ വെബ്‌സൈറ്റിലാണെത്തുക. പാൻ കാർഡ് നമ്പർ, യൂസർ ഐഡി, പാസ്വേഡ് എന്നിവ നൽകാനാണ് ആവശ്യപ്പെടുന്നത്. അക്കൗണ്ട് നമ്പർ നൽകാൻ ആവശ്യപ്പെട്ട സംഭവങ്ങളുമുണ്ട്.

വ്യാജ സൈറ്റ് എസ്‌ബിഐയുടേതെന്നു തെറ്റിദ്ധരിച്ച്, ഇടപാടുകാർ വിശദാംശങ്ങളെല്ലാം നൽകും. വെരിഫിക്കേഷനെന്ന പേരിൽ എസ്എംഎസ് ആയി ഒടിപി (വൺടൈം പാസ്വേഡ്) ലഭിക്കും. ഇടപാടുകാരൻ ഒടിപി ഇതേ സൈറ്റിൽ രേഖപ്പെടുത്തുന്നതോടെ, അക്കൗണ്ടിൽ നിന്നു പതിനായിരങ്ങൾ പിൻവലിക്കപ്പെടും.

ഡൽഹി, ബിഹാർ, യുപി എന്നിവിടങ്ങളിലെ എസ്‌ബിഐ എടിഎമ്മുകളിൽ നിന്നാണു തുകകളെല്ലാം പിൻവലിച്ചിരിക്കുന്നതെന്നു സൈബർ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തുടക്കത്തിൽ ഒരേ വെബ്‌സൈറ്റ് വഴിയായിരുന്നു സംസ്ഥാനത്തെ എല്ലാ തട്ടിപ്പുകളും നടത്തിയത്. നിലവിൽ, പല സൈറ്റുകളാണുപയോഗിക്കുന്നത്. ഒരു വെബ്‌സൈറ്റ് പൊലീസ് ബ്ലോക്ക് ചെയ്യുമ്പോഴേക്കും മറ്റൊരെണ്ണം തുറന്നിട്ടുണ്ടാകും. പല സംഘങ്ങൾ ഇതിനു പിറകിലുണ്ടെന്നു സൈബർ പൊലീസ് സംശയിക്കുന്നു. ഫോൺ വിളിച്ച് എസ്എംഎസ് ചോദിക്കാത്തതും യഥാർഥ എസ്‌ബിഐ വെബ്‌സൈറ്റിനെ വെല്ലുന്ന തരത്തിലുള്ളതാണു തട്ടിപ്പുകാരുടെ സൈറ്റെന്നതുമാണു തട്ടിപ്പിനിരയായവരിൽ തീരെ സംശയം ജനിപ്പിക്കാതിരുന്നത്.

സ്വന്തം സൈറ്റിലൂടെ ശേഖരിക്കുന്ന ഇടപാടുകാരുടെ വിവരങ്ങൾ ഉപയോഗിച്ച് തട്ടിപ്പുകാർ എസ്‌ബിഐ യോനോ ആപ് വഴി എടിഎമ്മുകളിൽ നിന്നു പണം പിൻവലിക്കുകയാണെന്നു സൈബർ പൊലീസ്. യോനോ ആപ്പിലെ യോനോ കാഷ് വഴി, കാർഡില്ലാതെ തന്നെ എടിഎമ്മുകളിൽ നിന്നു പണം പിൻവലിക്കാം. ഒരു തവണ 20,000 രൂപ വരെ മാത്രമേ ഈ രീതിയിൽ വ്യക്തിഗത ഇടപാടുകാർക്കു പിൻവലിക്കാൻ കഴിയൂ. എന്നാൽ, പലരുടെയും അക്കൗണ്ടിൽ നിന്നു 2 തവണ തുടർച്ചയായി പണം പിൻവലിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ഏത് എടിഎം കൗണ്ടറിൽ നിന്നും ഇത്തരത്തിൽ പണം പിൻവലിക്കാമെന്നതിനാലും മാസ്‌ക് ധരിച്ചാകും തട്ടിപ്പുകാർ എടിഎമ്മുകളിലെത്തുക എന്നതിനാലും തട്ടിപ്പുകാരെ തിരിച്ചറിയാനും പിടികൂടാനും ബുദ്ധിമുട്ടാകുമെന്നു സൈബർ പൊലീസ് പറയുന്നു. ഇ മെയിൽ, സമൂഹമാധ്യമങ്ങൾ, എസ്എംഎസ് എന്നിവയിലൂടെ ലഭിക്കുന്ന ഇത്തരം ലിങ്കുകളിൽ ക്ലിക് ചെയ്യരുതെന്നും വ്യാജ സൈറ്റുകളിൽ അക്കൗണ്ട് നമ്പർ, പാൻകാർഡ് നമ്പർ, ഇന്റർനെറ്റ് ബാങ്കിങ് ഐഡി, പാസ്വേഡ്, ഒടിപി തുടങ്ങിയവ നൽകരുതെന്നും സൈബർ പൊലീസ് മുന്നറിയിപ്പു നൽകുന്നു.