കൊച്ചി: പുരാസവസ്തു തട്ടിപ്പിന് പിന്നാലെ മോൺസൺ മാവുങ്കലിനെതിരെ കൂടുതൽ പരാതികളുമായി ഇരകൾ രംഗത്ത്.ബലാത്സംഗ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണവുമായി യുവതിയാണ് രംഗത്ത് എത്തിയത്.മോൻസന്റെ ബിസിനസ് പങ്കാളിയായ ആലപ്പുഴ സ്വദേശി ശരത്തിനെതിരായ ബലാത്സംഗ പരാതി പിൻവലിക്കാനായിരുന്നു ഭീഷണി.

ഉന്നത സ്വാധീനമുപയോഗിച്ച് കുടുംബത്തെ കേസിൽ കുടുക്കുമെന്നും ഹണിട്രാപ്പിൽ കുടുക്കുമെന്നും മോൻസൻ ഭീഷണിപ്പെടുത്തിയതായി യുവതി വെളിപ്പെടുത്തി. നഗ്നവീഡിയോയും ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് മോൻസൻ പറഞ്ഞു. പെൺകുട്ടിയുടെ സഹോദരനെയും സുഹൃത്തിനെയും ഫോട്ടോകൾ കാണിച്ചായിരുന്നു ഭീഷണിപ്പെടുത്തിയത്.

പരാതി പിൻവലിക്കാതായതോടെ ഗുണ്ടകളെ വീട്ടിലയച്ചും ഭീഷണി തുടർന്നുവെന്നും യുവതി പറഞ്ഞു. പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ്. തേവര പൊലീസിൽ നൽകിയ അന്വേഷണം പാതിവഴിയിൽ നിലച്ചു. പൊലീസിലെ നടപടികൾ മോൻസൻ അപ്പോഴപ്പോൾ അറിഞ്ഞിരുന്നുവെന്നും യുവതി പറഞ്ഞു.

അതേസമയം കോടികളുടെ സാമ്പത്തിക തട്ടിപ്പു കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കൽ തട്ടിപ്പിനായി ഉപയോഗിച്ചത് എച്ച്എസ്‌ബിസി ബാങ്കിന്റെ പേരിൽ തയ്യറാക്കിയ വ്യാജ രേഖ എന്ന് റിപ്പോർട്ട്. 2.62 ലക്ഷം കോടി രൂപയ്ക്ക് തുല്യമായ പൗണ്ട് അക്കൗണ്ടിൽ എത്തിയെന്ന് തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ് ഇയാൾ വ്യാജരേഖ ഉണ്ടാക്കിയത്. ലണ്ടനിൽ നിന്ന് കലിംഗ കല്യാൺ ഫൗണ്ടേഷന്റെ അക്കൗണ്ടിൽ പണം വന്നുവെന്നായിരുന്നു വ്യാജ രേഖ.

കറണ്ട് അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുമ്പോൾ ഉണ്ടാകുന്നതിന് സമാനമായ രേഖയാണ് വ്യാജമായുണ്ടാക്കിയത്. ഈ രേഖ കാണിച്ചാണ് 10 കോടിയോളം രൂപ പരാതിക്കാരിൽ നിന്ന് വാങ്ങിയത്. ഇതിനുപുറമേ 40 കോടിയോളം രൂപയുടെ തട്ടിപ്പും മോൻസൺ നടത്തി എന്നാണ് വിവരം. എന്നാൽ തട്ടിപ്പിന് ഇരായായ പലരും പരാതി പുറത്തുപറയാൻ തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടാകാമെന്നാണ് പൊലീസ് കരുതുന്നത്.സുപ്രീംകോടതിയുടെ ഉത്തരവ് അടക്കം മോൻസൺ വ്യാജമായി നിർമ്മിച്ചുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.