തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രതിനിധി കന്നിയങ്കം ജയിച്ചെത്തിയ പി എ മുഹമ്മദ് റിയാസ്. ബേപ്പൂരിൽ നിന്നും സഭയിലെത്തിയ റിയാസിന്റെ പ്രായം 45 വയസ്സാണ്.

ജനതാദൾ എസിൽ നിന്നുള്ള കെ കൃഷ്ണൻകുട്ടിയാണ് ഏറ്റവും പ്രായം കൂടിയ മന്ത്രി. ഒന്നാം പിണറായി സർക്കാരിലും 76കാരനായ കൃഷ്ണൻകുട്ടി മന്ത്രിയായിരുന്നു. ജലവിഭവ വകുപ്പിന്റെ ചുമതലയാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.

മന്ത്രിസഭയുടെ കപ്പിത്താനായ പിണറായി വിജയന്റെ പ്രായം 75. എ കെ ശശീന്ദ്രനും സമപ്രായക്കാരനാണ്. പ്രായത്തിന്റെ കാര്യത്തിൽ തളിപ്പറമ്പിൽ നി്ന്നും ജയിച്ചെത്തിയ എം വി ഗോവിന്ദൻ (68) നാണ് നാലാം സ്ഥാനത്ത്.

ഇതുവരെയുള്ള മന്ത്രിസഭകളെ തട്ടിച്ചു നോക്കുമ്പോൾ കേരളത്തിലെ ഏറ്റവും 'ചെറുപ്പമുള്ള' മന്ത്രിസഭയാണ് 20ന് സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്നത്. 21 അംഗങ്ങളിൽ പതിനേഴ് പുതുമുഖങ്ങളാണുള്ളത്.

മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐയുടെ ദേശീയ പ്രസിഡന്റാണ്. യുവജന പ്രാതിനിധ്യം കണക്കിലെടുത്താണ് റിയാസിന് മന്ത്രിസഭയിലേക്ക് പ്രവേശനം നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചത്.

മൂന്ന് വനിതകളെയാണ് ഇത്തവണ എൽഡിഎഫ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സിപിഎമ്മിന്റെ ആർ ബിന്ദു (53), വീണ ജോർജ് (44) , സിപിഐയുടെ ജെ ചിഞ്ചുറാണി (58) എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ചത്.

ഒന്നാം പിണറായി മന്ത്രിസഭയിലെ ആരോഗ്യമന്ത്രി കെ കെ ശൈലജയെ ഇത്തവണ മാറ്റിനിർത്തി. എം വി.ഗോവിന്ദൻ (68), കെ രാധാകൃഷ്ണൻ (56), കെ എൻ ബാലഗോപാൽ , പി രാജീവ് (54) വി എൻ വാസവൻ (67), സജി ചെറിയാൻ (55) , വി ശിവൻകുട്ടി (66), വി അബ്ദുൾ റഹ്‌മാൻ (58) എന്നിവരാണ് സിപിഎമ്മിന്റെ മറ്റു മന്ത്രിമാർ. എം ബി രാജേഷിനെ (50) സ്പീക്കർ സ്ഥാനാർത്ഥിയാക്കി.

പി പ്രസാദ് (52), കെ രാജൻ (47), ജി ആർ അനിൽ (58)എന്നിവരാണ് സിപിഐ അംഗങ്ങൾ. ചിറ്റയം ഗോപകുമാർ (58)ഡെപ്യൂട്ടി സ്പീക്കർ. എ കെ ശശീന്ദ്രനാണ് എൻസിപി മന്ത്രി.

കേരള കോൺഗ്രസ് എമ്മിന്റെ റോഷി അഗസ്റ്റിൻ (52), ജനാധിപത്യ കേരള കോൺഗ്രസിന്റെ ആന്റണി രാജു (66), ഐഎൻഎല്ലിന്റെ അഹമ്മദ് ദേവർകോവിൽ (61) എന്നിവരാണ് മറ്റു മന്ത്രിമാർ.

കേരള കോൺഗ്രസ് എം പ്രതിനിധി എൻ ജയരാജാണ് (65)ചീഫ് വിപ്പ്.

ചൊവ്വാഴ്ചയാണ് സിപിഎം. സംസ്ഥാന കമ്മിറ്റി മന്ത്രിമാരുടെ പട്ടിക പുറത്തുവിട്ടത്. പിണറായിക്കൊപ്പം തീർത്തും പുതിയ ടീം മതിയെന്ന തീരുമാനം നടപ്പിലാക്കിയതോടെ മന്ത്രിയാകുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്ന കെ.കെ. ശൈലജയ്ക്കും അവസരം ലഭിച്ചില്ല. സിപിഎം മന്ത്രിമാരിൽ കെ. രാധാകൃഷ്ണൻ മാത്രമാണ് നേരത്തെ മന്ത്രിയായിട്ടുള്ളത്. ബാക്കി പത്ത് പേരും പുതുമുഖങ്ങളാണ്. സിപിഐയുടെ നാല് മന്ത്രിമാരും പുതുമുഖങ്ങളാണ്.

കേരള രാഷ്ട്രീയ ചരിത്രത്തിലെ തുടർഭരണമെന്ന അപൂർവ്വ നേട്ടം സ്വന്തമാക്കിയതിനൊപ്പം ചരിത്രത്തിലെ ഏറ്റവും വലിയ അംഗസഖ്യയുമായിട്ടാണ് സിപിഎം നിയമസഭയിലെത്തുന്നത്. പാർട്ടി സ്വതന്ത്രരുൾപ്പടെ 67 എംഎൽഎമാരാണ് ഇത്തവണ പാർട്ടിക്ക് ലഭിച്ചിരിക്കുന്നത്. നാല് സീറ്റുകൂടി ലഭിച്ചിരുന്നെങ്കിൽ സിപിഎമ്മിന് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുമായിരുന്നു.