മലപ്പുറം: ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതിന് വഴിയിലിറക്കി വിട്ടതിന്റെ അമർഷത്തിൽ കെഎസ്ആർടിസി ബസ്സിന് നേരെ കല്ലെറിഞ്ഞ യുവാവ് പിടിയിൽ. കൽപകഞ്ചേരി കല്ലിങ്ങൽ മണ്ണാരത്തൊടി റാഫി (30) യെയാണ് കൽപകഞ്ചേരി എസ് ഐ പ്രദീപ് കുമാർ അറസ്റ്റ് ചെയ്തത്. ജൂലൈ രണ്ടിന് രാത്രി 11.30 ഓടെയാണ് കേസിനാസ്പദമായ സംഭവം.

പുത്തനത്താണിയിൽ നിന്ന് വളാഞ്ചേരിയിലേക്ക് ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതിന് കണ്ടക്ടർ വഴിയിൽ ഇറക്കി വിട്ട ദേഷ്യത്തിനാണ് ബസിന് നേരെ കല്ലെടുത്തെറിഞ്ഞ് ഗ്ലാസ് തകർത്തത്. സംഭവത്തിൽ കണ്ടക്ടർക്ക് പരിക്കേറ്റിരുന്നു.

സിസിടിവി ദ്യശ്യം പരിശോധിച്ചതിൽ നിന്നാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. സംഭവത്തിന് ശേഷം പ്രതി മുങ്ങി നടക്കുന്നതിനിടയിൽ ഇന്നലെയാണ് കല്ലിങ്ങൽ അങ്ങാടിയിൽ നിന്ന് പ്രതിയെ പൊലീസ് പിടികൂടിയത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.