തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളുടെ ആവശ്യങ്ങൾ ശക്തമാക്കി യൂത്ത് കോൺഗ്രസ്. സീറ്റ് വിഭജനത്തിൽ മുതിർന്ന നേതാക്കൾക്ക് കൂടുതൽ പരിഗണന ലഭിക്കുന്നതിന് എതിരെയാണ് യൂത്ത് കോൺഗ്രസ് രംഗത്തെത്തിയത്. 10 ശതമാനം സീറ്റുകൾ മാത്രമേ ഇക്കുറി മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് നൽകാവൂ എന്നാണ് യൂത്ത് കോൺഗ്രസ് പ്രമേയത്തിൽ ആവശ്യപ്പെടുന്നത്.

നാല് തവണ തുടർച്ചയായി മത്സരിച്ചവർക്ക് സീറ്റ് നൽകരുത്. തുടർച്ചയായി തോൽക്കുന്ന സീറ്റുകൾ യൂത്ത് കോൺഗ്രസ് കെഎസ് യു നേതാക്കൾക്ക് നൽകി തിരിച്ചു പിടിക്കണം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് മൽസരിക്കേണ്ടി വരുമെന്നും പ്രമേയത്തിൽ മുന്നറിയിപ്പ്. പാലക്കാട് നടന്ന സംസ്ഥാന ക്യാംപിലാണ് പ്രമേയം പാസ്സാക്കിയത്.

സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് യൂത്ത് കോൺഗ്രസിന്റെ പുതിയ നീക്കമെന്നത് ഏറെ ശ്രദ്ധേയമാണ്. ഗ്രൂപ്പുകൾക്ക് അതീതമായി യൂത്ത് ടീം ഉണ്ടാക്കുമെന്നു നേതാക്കൾ പറയുന്നു. സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിൽ ഏജ് ഓഡിറ്റ് നടത്തി റിപ്പോർട്ട് നേതൃത്വത്തിന് നൽകുമെന്നും സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ പറഞ്ഞു.

സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കാൻ ഇരിക്കെയാണ് യൂത്ത് കോൺഗ്രസിന്റെ പുതിയ നീക്കമെന്നത് ഏറെ ശ്രദ്ധേയമാണ്. വിജയ സാധ്യതയുള്ളവർക്ക് മുന്നിൽ ഗ്രൂപ്പ് ഒരു തടസമായി വരാൻ പാടില്ല. യുവാക്കൾക്ക് അവസരം നൽകിയ ഇടങ്ങളിലേയും മറ്റിടങ്ങളിലേയും വോട്ട് വ്യത്യാസം താരതമ്യം ചെയ്ത് റിപ്പോർട്ടാക്കി എഐസിസി നേതൃത്വത്തെ അറിയിക്കും. കൂടാതെ സ്ഥാനാർത്ഥി നിർണയത്തിന് മുൻപ് ഏജ് ഓഡിറ്റിങ് നടത്തുമെന്നും യൂത്ത് കോൺഗ്രസ് പറയുന്നു.

പാർട്ടിയിൽ തലമുറ മാറ്റം വേണം എന്ന് മാധ്യമങ്ങൾക്ക് മുൻപിൽ യുവ നേതാക്കൾ തുറന്നു പറയുകയും ചെയ്തതോടെ വെട്ടിലായിരിക്കുകയാണ് കോൺഗ്രസ്. ഏജ് ഓഡിറ്റിംഗും ഗ്രൂപ്പുകൾക്ക് അതീതമായി ഉള്ള തിരുത്തൽ ശക്തിയായി യൂത്ത് ടീം ഉണ്ടാക്കുന്നത് ഉൾപ്പെടെ ചർച്ചചെയ്യാൻ യുവജന പ്രതിനിധികളുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗം ജനുവരി 11 ന് തിരുവനന്തപുരത്ത് ചേരുമെന്നും അറിയിച്ചിട്ടുണ്ട്.