തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ വിടവാങ്ങിയ വിവി പ്രകാശിനെ പറ്റി നല്ല ഓർമകൾ മാത്രമാണ് സഹപ്രവർത്തർക്കുള്ളത്. സൗമ്യമായ പെരുമാറ്റത്തിലൂടെ രാഷ്ട്രീയ എതിരാളികളുടെ അടക്കം ആദരവ് ഏറ്റുവാങ്ങിയ പൊതുപ്രവർത്തകനാണ് വിവി പ്രകാശ്. പരാതികളില്ലാത്ത വിവിക്ക് അർഹതപ്പെട്ട സ്ഥാനങ്ങളെല്ലാം നിഷേധിക്കപ്പെട്ടതായി എല്ലാ സഹപ്രവർത്തകരും ഒരേസ്വരത്തിൽ പറയുന്നു.

സ്വന്തം നാടായ നിലമ്പൂരിൽ മൽസരിക്കാൻ ആഗ്രഹിച്ച വിവി പ്രകാശിന് 2011 ൽ തവനൂരിലാണ് കോൺഗ്രസ് സീറ്റ് നൽകിയത്. 2016 ൽ ആര്യാടൻ മുഹമ്മദ് തെരഞ്ഞെടുപ്പുകളിൽ നിന്നും പിൻവാങ്ങിയപ്പോൾ അവിടെ മൽസരിക്കാൻ വിവി പ്രകാശ് ആഗ്രഹിച്ചിരുന്നു. എന്നാൽ അവസാന നിമിഷം അദ്ദേഹത്തിന് സീറ്റ് നിഷേധിക്കപ്പെടുകയായിരുന്നു. ആ സമയത്ത് കേരള ഹൗസിൽ നടന്ന ഒരു സംഭവം ഓർക്കുകയാണ് യൂത്ത് കോൺഗ്രസ് നേതാവായ അനൂപ് വിആർ.

കഴിഞ്ഞതവണ സീറ്റ് ചർച്ചകളുടെ അവസാനനിമിഷം വരെ സസ്‌പെൻസ് നിലനിർത്തിയ മണ്ഡലങ്ങളായിരുന്നു കണ്ണൂരും നിലമ്പൂരും. അവസാനം സതീശൻ പാച്ചേനിക്ക് കണ്ണൂർ സീറ്റ് കിട്ടിയെങ്കിലും വിവി പ്രകാശിന് സീറ്റില്ല. നിലമ്പൂർ സീറ്റ് ആര്യാടൻ ഷൗക്കത്തിനാണ് ലഭിച്ചത്. അന്ന് പാച്ചേനി ആശ്വസിപ്പിച്ചപ്പോൾ, വിവി പ്രകാശ് പറഞ്ഞത് 'വിധി എന്ന ഒന്നുണ്ട്' എന്നാണെന്ന് അനൂപ് ഓർക്കുന്നു. ഇത്തവണയും ഏറെ അനിശ്ചതത്വങ്ങൾക്ക് ഒടുവിൽ ആണ് നിലമ്പൂർ സീറ്റ് വിവി പ്രകാശിന് കിട്ടിയത്. ' ഇത്തവണ ഏറെക്കുറെ ജയം ഉറപ്പാണെന്നാണ് കേട്ടത്. പക്ഷേ.. വിധി എന്ന ഒന്നുണ്ട്.' അനൂപ് ഫെയ്‌സ് ബുക്കിൽ കുറിച്ചു.

അനൂപ് വിആറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയ സമയത്ത് അവസാന ദിവസം മുഴുവൻ കേരളാ ഹൗസിൽ പ്രകാശേട്ടന്റേയും പാച്ചേനിയുടേയും കൂടെയുണ്ടായിരുന്നു. അന്നും കണ്ണൂരും നിലമ്പൂരും അവസാന നിമിഷം വരെ സസ്‌പെൻസ് ആയിരുന്നു. അവസാനം സതീശൻ പാച്ചേനിക്ക് കണ്ണൂർ സീറ്റ് കിട്ടി. പ്രകാശേട്ടന് സീറ്റില്ലാ. അന്ന് പാച്ചേനി ആശ്വസിപ്പിച്ചപ്പോൾ, പ്രകാശേട്ടൻ പറഞ്ഞത് ഇന്നും ഓർമയുണ്ട്. 'വിധി എന്ന ഒന്നുണ്ട് '.ഇത്തവണയും അനിശ്ചതത്വങ്ങൾക്ക് ഒടുവിൽ ആണ്, നിലമ്പൂർ സീറ്റ് കിട്ടിയത്.ഇത്തവണ ഏറെക്കുറെ ജയം ഉറപ്പാണെന്നാണ്, എല്ലാവരും പറഞ്ഞ് കേട്ടത്. പക്ഷേ, ' വിധി എന്ന ഒന്നുണ്ട്.' പ്രകാശേട്ടന് വിട...