തിരുവനന്തപുരം: ക്ലിഫ് ഹൗസിനു മുന്നിൽ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ അഞ്ചു പൊലീസുകാരെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ പൊലീസിൽ അതൃപ്തി പുകയുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ വൈകീട്ട് മുഖ്യമന്ത്രിയുടെ വസതിയിലേക്കു തള്ളിക്കയറാൻ ശ്രമിച്ച സംഭവത്തിലാണ് മ്യൂസിയം എസ്‌ഐ, സിഐ എന്നിവരെ സ്ഥലം മാറ്റുകയും അഞ്ചു പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തത്. ഗുരുതര ഇന്റലിജൻസ് വീഴ്ചയാണ് സംഭവിച്ചത് എന്നാണ് പൊലീസുകാരുടെ ഇടയിലെ സംസാരം. ഇന്റലിജൻസ് വീഴ്ചയുടെ പേരിൽ നടപടിവരാതെ പൊലീസുകാരെ സസ്‌പെൻഡ് ചെയ്യുകയും സിഐ എസ്‌ഐ ഉൾപ്പെടെ സ്ഥലം മാറ്റുകയും ചെയ്തതിനാലാണ് അതൃപ്തി വളരുന്നത്.

ഇന്റലിജൻസിൽ ഉള്ളതിൽ ഉള്ളത് പൊലീസ് അസോസിയേഷൻ ഭരിക്കുന്ന ഇടത് നേതാക്കളാണ്. അതുകൊണ്ട് തന്നെയാണ് ഗുരുതരമായ ഇന്റലിജൻസ് വീഴ്ച വന്നിട്ടും അതിനു നേരെ കണ്ണടച്ച് സാധാരണ പൊലീസുകാർക്ക് നേരെ മാത്രം നടപടിയെടുത്തത്. പൊലീസുകാർക്ക് നേരെ നടപടി ആവാമെങ്കിൽ എന്തുകൊണ്ട് ഇന്റലിജൻസ് വീഴ്ചയുടെ പേരിൽ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പൊലീസിൽ നിന്നും ഉയരുന്ന ചോദ്യം. ഇന്റലിജൻസ് മുൻകൂട്ടി മുന്നറിയിപ്പ് നൽകുകയും അതിനനുസരിച്ച് പൊലീസ് നടപടികൾ ശക്തമാക്കുകയുമാണ് സാധാരണ ചെയ്യാറ്. എന്നാൽ ഈ രീതിയിൽ ഒരു മുന്നറിയിപ്പ് ലഭിച്ചില്ല. അതിനാൽ അതിനുസരിച്ച നടപടികളാണ് പൊലീസ് സ്വീകരിച്ചത്. മറിച്ച് യൂത്ത് കോൺഗ്രസുകാർ ക്ലിഫ് ഹൗസിൽ കയറാൻ സാധ്യതയുണ്ട് എന്ന് അറിയിപ്പ് കിട്ടിയിരുന്നെങ്കിൽ പൊലീസ് സജ്ജരാകുമായിരുന്നു. ഇതിനു അനുസരിച്ച് അവർക്ക് അറിയിപ്പ് ലഭിച്ചില്ല. ഇതാണ് ഇന്റലിജൻസ് പാളിച്ചയാണ് നടന്നത് എന്ന വാദം പൊലീസുകാർ ഉയർത്തുന്നത്. ഇന്റലിജൻസ് പാളിച്ചയുടെ ലോക്കൽ പൊലീസിന്റെ തലയിൽ വെച്ച് കെട്ടി രക്ഷപ്പെടാനുള്ള നീക്കം എന്നാണ് ഇതിനെക്കുറിച്ച് പൊലീസിൽ ഉയർന്ന സംസാരം.

സ്വർണ്ണക്കടത്തിൽ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വയ്ക്കണം എന്ന ആവശ്യപ്പെട്ടു നടന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിലാണ് യൂത്ത് കോൺഗ്രസുകാർ ക്ലിഫ് ഹൗസിന്റെ മതിൽ ചാടി ഉള്ളിൽക്കടന്നത്. മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ ഉള്ളപ്പോൾ നടന്ന സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി ക്ഷുഭിതനായിരുന്നു. തുടർന്ന് പൊലീസ് കമ്മിഷണർ നേരിട്ട് ഇടപെട്ടാണ് യൂത്ത് കോൺഗ്രസുകാർക്ക് എതിരെ നടപടി സ്വീകരിച്ചത്. സ്‌പെഷ്യൽ സെക്യൂരിറ്റി സോണിൽ അതിക്രമിച്ച് കയറുകയാണ് യൂത്ത് കോൺഗ്രസ് ചെയ്തത്. എന്നാൽ പൊലീസിനെ അതിക്രമിച്ച് എന്ന് പറഞ്ഞു കള്ളക്കേസ് ഉണ്ടാക്കുകയാണ് പൊലീസ് ചെയ്തത്. അധിക വകുപ്പുകൾ ചുമത്തിയാണ് ചാർജ്ഷീറ്റ് ഇട്ടത്.

മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തിയവരിൽ നാലു പേർ മാത്രമാണ് ക്ലിഫ് ഹൗസ് മതിൽ ചാടിക്കടന്നത്. പന്ത്രണ്ട് പേർ പുറത്താണ് ഉള്ളത്. എന്നാൽ വൈരാഗ്യം തീർക്കാൻ പതിനാറു പേരെ റിമാൻഡ് ചെയ്യാൻ നടപടി സ്വീകരിക്കുകയാണ് കമ്മിഷണർ ചെയ്തത്. സാധാരണ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ രാവിലെയാണ് റിമാൻഡ് നടപടികൾ സ്വീകരിക്കുക. എന്നാൽ രാത്രി രണ്ടു മണിയോടെ മജിസ്‌ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കിയാണ് റിമാൻഡ് ചെയ്യാൻ പൊലീസ് മുതിർന്നത്.

ഭീകരവാദികളെ ഹാജരാക്കും പോലെ രാത്രി രണ്ടു മണിക്ക് മജിസ്‌ട്രേട്ടിന് മുൻപിൽ ഹാജരാക്കിയപ്പോൾ പൊലീസ് കണക്കുകൂട്ടൽ തെറ്റി. അഭിഭാഷകൻ രാത്രി തന്നെ എത്തി. ജാമ്യത്തിനുള്ള ബോണ്ട് സഹിതമാണ് അഭിഭാഷകൻ എത്തിയത്. മജിസ്‌ട്രേട്ട് ജാമ്യം കൊടുത്തു. ഇതോടെ പൊലീസ് വെട്ടിലായി. ജാമ്യം ലഭിക്കരുത് എന്ന് നിർദ്ദേശം നൽകിയാണ് ഈ നീക്കം രാത്രിയിൽ പൊലീസ് നടത്തിയത്. മജിസ്‌ട്രേറ്റ് ജാമ്യം നൽകിയ ശേഷം ഇന്നു ഹാജരാകാൻ ഉത്തരവിട്ടു. പൊലീസിന്റെ കണ്കുകൂട്ടൽ തെറ്റിച്ച് രാത്രി തന്നെ യൂത്ത് കോൺഗ്രസ് അഭിഭാഷകൻ ഹാജരായി. യൂത്ത് കോൺഗ്രസുകാർക്ക് ജാമ്യം ലഭിച്ചതിൽ സിപിഎമ്മിനും കടുത്ത അതൃപ്തി വന്നിട്ടുണ്ട്. ഇത് മനസിലാക്കി തന്നെ ഗുരുതരമായ സുരക്ഷാ വീഴ്ചയ്ക്ക് ഇടയാക്കിയ സംഭവങ്ങളെക്കുറിച്ച് പൊലീസിൽ അവലോകനം നടക്കുന്നുണ്ട്.

ഇന്നലെ വൈകീട്ട് എഴുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. സ്വർണക്കടത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ നാല് പേരാണ് ക്ലിഫ് ഹൗസ് വളപ്പിൽ അതിക്രമിച്ച് കയറിയത്. അപ്പോൾ ആവശ്യത്തിന് പൊലീസുകാരില്ലായിരുന്നു.

പ്രവർത്തകരിൽ ചിലർ പ്രകടനവുമായി ക്ലിഫ് ഹൗസിന്റെ പ്രധാന ഗേറ്റിനു സമീപം എത്തി. മറ്റുള്ളവർ ദേവസ്വം ബോർഡ് ജങ്ഷനിൽ പ്രവർത്തകർ പന്തം കത്തിച്ച് റോഡ് ഉപരോധിച്ചു. ഇതിന്നിടയിലാണ് പ്രവർത്തകർ ക്ലിഫ് ഹൗസ് മതിൽ ചാടിക്കയറിയത്.