തിരുവനന്തപുരം: യൂത്ത് കോൺഗ്രസിന് പുതിയ സംസ്ഥാനവക്താക്കളെ നിയമിച്ചുകൊണ്ട് പുറത്തിറക്കിയ ദേശിയ പ്രസിഡന്റിന്റെ സർക്കുലർ മിനിട്ടുകൾക്കുള്ളിൽ മരവിപ്പിക്കേണ്ടിവന്നത് സംസ്ഥാന കമ്മിറ്റിയിലെ രൂക്ഷവിമർശനത്തെ തുടർന്ന്. ഇന്നലെ വൈകുന്നേരം ഓൺലൈനിൽ നടന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ സംസ്ഥാന വക്താക്കളുടെ നിയമനത്തെചൊല്ലിയുള്ള വിമർശനങ്ങളിൽ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ അക്ഷരാർത്ഥത്തിൽ ഒറ്റപ്പെട്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഗ്രൂപ്പ് വ്യത്യാസമില്ലാതെയാണ് സംസ്ഥാനഭാരവാഹികൾ ഷാഫിക്കെതിരെ ആഞ്ഞടിച്ചത്. വക്താക്കളുടെ ലിസ്റ്റിൽ ഉൾപ്പെട്ട നാലിൽ മൂന്ന് പേരെയും പ്രവർത്തകർക്ക് കേട്ടുകേൾവിപോലുമില്ലെന്നാണ് ആരോപണം. ആകെ അറിയാവുന്ന അർജുൻ രാധാകൃഷ്ണനെയാകട്ടെ, കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകനെന്ന പേരിൽ മാത്രമാണ് അറിയുന്നത്. തിരുവനന്തപുരം ഗവ. എൻജിനിയറിങ് കോളേജിൽ പഠിച്ചിരുന്ന കാലത്ത് എസ്എഫ്ഐ നേതാവായിരുന്ന അർജുൻ അവിടെ ക്ലാസ് റെപ്പുമായിരുന്നെന്നാണ് സൂചനകൾ. അങ്ങനെയുള്ളയാളെ നേരിട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാനകമ്മിറ്റിയിൽ പ്രതിഷ്ഠിച്ചതിന്റെ അന്താളിപ്പിലാണ് പ്രവർത്തകർ.

വക്താക്കളായി നിയമിക്കപ്പെട്ട നാലിൽ മൂന്ന്പേർക്കും മുമ്പ് കീഴ്ക്കമ്മിറ്റികളിൽ പ്രവർത്തിച്ച യാതൊരു പരിചയവുമില്ല. തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റായ നീതു ഉഷയ്ക്കാകട്ടെ യൂത്ത്കോൺഗ്രസ് ഭാരവാഹിത്വത്തിൽ കഷ്ടിച്ച് ആറ് മാസത്തെ പരിചയമാണുള്ളത്. രമേശ് ചെന്നിത്തലയുടെ നിർദ്ദേശപ്രകാരം നേരിട്ട് ജില്ലാ വൈസ് പ്രസിഡന്റുമാരുടെ ലിസ്റ്റിൽ ഇടംനേടിയ ആളാണ് നീതു. ജില്ലാ ഭാരവാഹിയായി മാസങ്ങൾക്കുള്ളിൽ സംസ്ഥാന വക്താവായ മാജിക് എന്താണെന്നാണ് സംസ്ഥാന ഭാരവാഹികൾ മുതൽ യൂണിറ്റ് പ്രവർത്തകർ വരെ അന്വേഷിക്കുന്നത്.

ഷാഫി പറമ്പിലിന് വളരെ അടുത്ത സൗഹൃദമാണ് അർജുൻ രാധാകൃഷ്ണനുമായിട്ടുള്ളത്. ആ ബന്ധമാണ് അർജുനെ സംസ്ഥാനകമ്മിറ്റിയിലെത്തിച്ചതെന്നാണ് വിമർശനം. ഡൽഹിയിൽ നിന്ന് നേരിട്ടുള്ള ഓപ്പറേഷനാണ് അർജുന്റെ പേര് ലിസ്റ്റിൽ ഉൾപ്പെടുത്തിയതെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറയുന്നു. അതുകൊണ്ടുതന്നെയാണ് ഗ്രൂപ്പ് ഭേദമന്യേ എല്ലാവരും ഷാഫിക്ക് നേരെ വിരൽചൂണ്ടുന്നതും. മകൻ സംസ്ഥാനവക്താവായത് എങ്ങനെയെന്ന് എനിക്കറിയില്ലെന്ന് തിരുവഞ്ചൂർ കൈകഴുകുമ്പോൾ ഒറ്റപ്പെട്ടുപോകുന്നത് ഷാഫി പറമ്പിലാണ്.

പുതിയ വക്താക്കൾ ആരൊക്കെയാണെന്ന് അറിയണമെങ്കിൽ വിദഗ്ധസമിതിയെ നിയമിക്കണമെന്ന രൂക്ഷ പരിഹാസമാണ് സംസ്ഥാനകമ്മിറ്റിയിൽ ഉണ്ടായത്. ആ പേരിൽ പ്രസിഡന്റിന് താൽപര്യമുള്ള കുറച്ചുപേരെകൂടി നിയമിക്കാമെന്നും ഭാരവാഹികൾ വിമർശിച്ചു. മുമ്പ് സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റികളും വിപുലീകരിച്ചപ്പോളും ഷാഫിക്ക് താൽപര്യമുള്ളവരെ തിരുകിക്കയറ്റുകയായിരുന്നെന്ന ആരോപണമുയർന്നിരുന്നു. കീഴ്ക്കമ്മിറ്റികളിൽ പ്രവർത്തിച്ചിട്ടില്ലാത്ത, സ്വന്തം നാട്ടിൽ പോലും രാഷ്ട്രീയപ്രവർത്തനം നടത്താത്ത സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളെ ജില്ലാ- സംസ്ഥാന കമ്മിറ്റിയിൽ തിരുകികയറ്റിയെന്നായിരുന്നു വിമർശനം.