കൊച്ചി: സുഹൃത്തിന്റെ പിതാവിന് കരൾ പകുത്ത് നൽകുമ്പോൾ ആ യുവാവ് അറിഞ്ഞില്ല, താൻ ദുരിതക്കയത്തിലേക്ക് വീഴുകയാണെന്ന്. ശസ്ത്രക്രിയക്കിടെയുണ്ടായ പിഴവാണോ, അതോ ഡോക്ടർമാർ പറയുന്നപോലെ സ്പൈനൽ സ്ട്രോക്ക് വന്നതാണോ എന്നറിയില്ല, പിന്നെ കിടക്കയിൽ നിന്നും എഴുന്നേറ്റില്ല. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി രഞ്ജു(42)വാണ് അവയവം പകുത്ത് നൽകുന്നതിനിടെ ശരീരം തളർന്ന് കിടപ്പിലായത്. വിവരമറിഞ്ഞ് സൗജന്യമായി കിട്ടിയ കരൾ പിതാവിന് തുന്നിച്ചേർത്ത ശേഷം സുഹൃത്ത് ആശുപത്രിചെലവ് പോലും നൽകാതെ മുങ്ങുകയും ചെയ്തു.



14 മാസം മുമ്പാണ് അടുത്ത സുഹൃത്ത് നെട്ടൂർ സ്വദേശിയായ സൂരജിന്റെ പിതാവിന് കരൾ പകുത്ത് നൽകിയത്. സൂരജിന്റെ കണ്ണീർ കലർന്ന യാചനയിൽ മനസ്സുരുകി തന്റെ കരൾ പകുത്തുനൽകുമ്പോൾ ആ സഹായം വലിയൊരു ദുരന്തത്തിലേക്കാണ് തന്നെ നയിക്കുന്നതെന്ന് ഒരിക്കലും അറിഞ്ഞില്ല. സൂരജിന്റെ പിതാവ് കരൾ രോഗത്താൽ ലേക്ക്ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഉടൻ തന്നെ കരൾ മാറ്റി വച്ചില്ലെങ്കിൽ മരണം സംഭവിക്കും എന്നായിരുന്നു ഡോക്ടർമാർ പറഞ്ഞിരുന്നത്. അന്ന് വിദേശത്തു നിന്നും നാട്ടിൽ അവധിക്കെത്തിയതായിരുന്നു രഞ്ജു. സൂരജ് ഇങ്ങനെ ഒരാവശ്യം പറഞ്ഞപ്പോൾ കയ്യൊഴിയാനും കഴിഞ്ഞില്ല. പല ഡോക്ടർമാരോട് ചോദിച്ചപ്പോഴും കരൾ നൽകിയാൽ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാവില്ലെന്ന് മറുപടി ലഭിച്ചു. അങ്ങനെ ലാഭേച്ഛയൊന്നുമില്ലാതെ കരൾ നൽകാൻ തയ്യാറാവുകയായിരുന്നു. എന്നാൽ കരൾ പകുത്തെടുത്തപ്പോഴേക്കും രഞ്ജുവിന് പക്ഷാഘാതം സംഭവിച്ചു എന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഇതോടെ കിടക്കയിലേക്ക് വീണു.

പകുത്തെടുത്ത കരൾ സൂരജിന്റെ പിതാവിന് തുന്നിക്കെട്ടി. ഈ സമയം രഞ്ജു ഐ.സി.യുവിൽ കഴിയുകയായിരുന്നു. ചികിത്സാ ചെലവ് താൻ വഹിച്ചുകൊള്ളാമെന്നായിരുന്നു സൂരജിന്റെ വാഗ്ദാനം. എന്നാൽ ദിവസങ്ങൾക്കകം പിതാവിനെ ഡിസ്ചാർജ്ജ് ചെയ്ത് സൂരജ് മുങ്ങി. ആശുപത്രിക്കിടക്കയിൽ എന്ത് ചെയ്യണമെന്നറിയാതെ രഞ്ജു വിഷമിച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരി സൂരജിന്റെ നെട്ടൂരിലെ വീട്ടിൽ അന്വേഷിച്ചു ചെന്നെങ്കിലും അവിടെ ആരുമില്ലായിരുന്നു. അയൽക്കാരോട് ചോദിച്ചപ്പോൾ സാധനങ്ങളൊക്കെ എടുത്ത് അവർ പോയി എന്നറിഞ്ഞു. ഇതോടെയാണ് സൂരജ് ചതിച്ചു എന്ന് മനസ്സിലാക്കിയത്.

സൗഹൃദത്തിന്റെ പുറത്തുചെയ്ത നല്ല കാര്യത്തിന് തിരിച്ചുകിട്ടിയത് ചതിയും പിന്നിൽനിന്ന് കുത്തലും മാത്രമായിരുന്നു. നിരാശ്രയനായ രഞ്ജുവിനെ ആശുപത്രിയിൽ ഉപേക്ഷിച്ചുപോയ സുഹൃത്തിനെയും കുടുംബത്തെയും കുറിച്ച് ഇന്നും ഒരുവിവരവുമില്ല. സ്ട്രോക്കിനൊപ്പം വളഞ്ഞുപോയ കൈകൾ നേരെയാക്കുന്നതിന് നിർദ്ദേശിച്ച അസ്ഥി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് 10 ലക്ഷം രൂപ എങ്ങനെ കണ്ടെത്തുമെന്നറിയാതെ കണ്ണീർ വാർക്കുകയാണ് രഞ്ജുവും രണ്ട് അനുജത്തിമാരും. 2020 ജൂലൈയിലാണ് ബഹ്റൈനിലെ ജോലിക്കിടെ അവധിയെടുത്ത് നാട്ടിലെത്തിയ രഞ്ജുവിനോട് സുഹൃത്ത് അച്ഛനുവേണ്ടി കരൾ നൽകാമോയെന്ന് അപേക്ഷിച്ചത്.

ഇരുവരുടെയും രക്തഗ്രൂപ് യോജിക്കുമായിരുന്നു. ഒരാളുടെ ജീവൻ രക്ഷിക്കാനല്ലേ എന്ന ചിന്തയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കരൾ ശസ്ത്രക്രിയക്ക് വിധേയനായി. എന്നാൽ, തൊട്ടുപിന്നാലെ, ഡോക്ടറുടെ ചികിത്സപ്പിഴവുമൂലം സ്ട്രോക്ക് വരുകയായിരുന്നെന്ന് സഹോദരി രശ്മി പറയുന്നു. ആശുപത്രിയിൽ ചികിത്സ തുടർന്ന രഞ്ജുവിന്റെ ആദ്യ ബിൽ അടച്ചതിനുപിന്നാലെയാണ് സുഹൃത്തും കുടുംബവും മുങ്ങിയത്.

പിന്നീട് പലതവണ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. ഇതിനിടെ, ദുബൈയിൽ ഐ.ടി മേഖലയിൽ ജോലി ചെയ്തിരുന്ന രശ്മി നാട്ടിലെത്തി സഹോദരന്റെ പരിചരണം ഏറ്റെടുക്കുകയായിരുന്നു. എഴുന്നേറ്റ് നടക്കാൻ കഴിയാതായതോടെ രഞ്ജുവിന്റെ ജോലി നഷ്ടപ്പെട്ടു, പിന്നാലെ രശ്മിയുടേതും. തുടർ ചികിത്സക്ക് എറണാകുളം ഇടപ്പള്ളി മാമംഗലത്ത് വാടക വീടെടുത്ത് താമസിക്കുന്ന ഇവർക്ക് കൂട്ടിനായി ഇളയ സഹോദരി റെജിയുമുണ്ട്. ചികിത്സക്ക് ഇതിനകം ലക്ഷങ്ങൾ ചെലവായി. 10 വർഷം മുമ്പ് മാതാപിതാക്കളെ നഷ്ടപ്പെട്ട സഹോദരങ്ങളെ ദുരിതസന്ധിയിൽ ബന്ധുക്കളും തിരിഞ്ഞുനോക്കുന്നില്ല.

രഞ്ജുവിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ കോർപറേഷൻ കൗൺസിലർ വി.കെ. മിനിമോളുടെ നേതൃത്വത്തിൽ ചികിത്സ സഹായനിധി തുടങ്ങിയിട്ടുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്ക് ആറ്റിങ്ങൽ ശാഖയിൽ രശ്മിയുടെ പേരിൽ അക്കൗണ്ട് നമ്പർ തുടങ്ങി.Name: Resmi R, Account No: 0114053000109508, IFSC: SIBL0000114 ഗൂഗിൾപേ: 9544390122.