കാസർകോട് : ലോറിയിൽ പലവ്യഞ്ജന സാധനങ്ങൾക്കിടയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 18000 പാക്കറ്റ് പുകയില ലഹരി ഉൽപന്നങ്ങൾ പിടികൂടി. ബുധനാഴ്‌ച്ച ഉച്ചയോടെയാണ് ലഹരി വേട്ട നടന്നത്.

കർണാടകയിൽ നിന്ന് വ്യാപകമായി, പലചരക്ക് സാധനങ്ങൾക്കിടയിൽ ലഹരി വസ്തുക്കൾ കടത്തുന്നുണ്ടെന്ന് കാസർകോട് ഡി.വൈ.എസ്‌പി. പി.പി.സദാനന്ദന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് ടൗൺ സർക്കിൾ ഇൻസ്പെക്ടർ കെ.വി. ബാബുവിന് വിവരം കൈമാറുകയായിരുന്നു. ഉച്ചയോടെ കാസർകോട് പ്രിൻസിപ്പൽ എസ്‌ഐ. കെ.ഷാജു, എസ്‌ഐ. ഷേക്ക് അബ്ദുൽ റസാക്ക്, മനോജ്, സിവിൽ പൊലീസ് ഓഫീസർ പി.ടി. ജയിംസ് എന്നിവർ മൊഗ്രാൽപുത്തുർ ദേശീയ പാതയിൽ കാത്ത് നിൽക്കുന്നതിനിടയിൽ മംഗളൂരുവിൽ നിന്നും കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന കെ.എൽ.14.ജി. 8053 നമ്പർ ലോറി കൈ കാണിച്ച് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അതിവേഗതയിൽ കുതിച്ച് പോവുകയായിരുന്നു.

ഇവരെ പിന്തുടർന്ന് നഗരത്തിൽ വച്ചാണ് പിടികൂടിയത്. പല ചരക്ക് സാധനങ്ങൾക്കടിയിൽ പ്ലാസ്റ്റിക്ക് ചാക്കിൽ സൂക്ഷിച്ച നിലയിലായിരുന്നു. പാൻപരാഗ് പുകയില അടക്കമുള്ള ലഹരിവസ്തുക്കൾ.60 എണ്ണം ഉൾക്കൊള്ളുന്ന 300 വലിയ പാക്കറ്റുകൾ ഉൽപന്നങ്ങളാണ് ഉണ്ടായിരുന്നത്. ഉപ്പള മുതൽ കുമ്പള വരെ പന്ത്രണ്ടോളം ഇടങ്ങളിൽ ഇവർ ലഹരി ഉൽപ്പന്നങ്ങൾ വഴിയിൽ വിറ്റഴിച്ചതായും പൊലീസ് പറയുന്നു.

ലോറി ഉടമസ്ഥൻ കാസർകോട് നഗരത്തിലെ പലചരക്ക് വ്യാപാരിയും കൊറക്കോട് ശാഖാ മുസ്ലിം ലീഗ് ഭാരവാഹിയുമാണ്. ലഹരിപദാർത്ഥങ്ങൾ കടത്തി കൊണ്ടുവന്നത് ലോറി ഉടമസ്ഥന്റെ അനുജനും ശാഖാ യൂത്ത് ലീഗ് സെക്രട്ടറിയുമായ കൊറക്കോട് മുഹമ്മദിന്റെ മകൻ കെ എം ഹാഷിമാണ്. പ്രതിയുടെ സഹായി മുഹമ്മദ് ആശബ് (38 ) ഡ്രൈവർ ഉദയഗിരി കൃഷ്ണ നഗറിലെ സന്തോഷ് (40) എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

അതേ സമയം പൊലീസ് എ ആർ ക്യാമ്പിലേക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നത് തങ്ങൾ ആണെന്നും ഇത് അറിയാത്ത പറ്റി പോയതാണെന്നും കേസിൽ നിന്നും ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് ലോറി ഉടമ സ്റ്റേഷനിലെത്തിയിരുന്നു. എന്നാൽ പൊലീസ് ഇത് വകവക്കാതെ കേസെടുക്കുകയായിരുന്നു.