തിരുവനന്തപുരം: കേന്ദ്രം വില കുറച്ചിട്ടും സംസ്ഥാനം ഇന്ധനവില കുറയ്ക്കാത്തതിൽ പ്രതിഷേധവുമായി യുവമോർച്ച.ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ വില കുറച്ച് മാതൃകയായി. കേരളം നികുതി കുറയ്ക്കാതെ ജനങ്ങളെ വെല്ലുവിളിക്കുകയാണ്.ഇന്ധനവില വർദ്ധനവിൽ കേന്ദ്രസർക്കാരിനെ പഴിചാരി ജനങ്ങളുടെ കണ്ണിൽപൊടിയിടാനുള്ള സംസ്ഥാന സർക്കാരിന്റെ എല്ലാ അടവും പൊളിഞ്ഞു കഴിഞ്ഞു. ഇനിയെങ്കിലും ജനദ്രോഹ നടപടിയിൽ നിന്നും പിന്മാറാൻ ഇടതു സർക്കാർ തയ്യാറാവണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു.

മറ്റു പല സംസ്ഥാനങ്ങളും നികുതി കുറച്ച് കേന്ദ്രത്തിന് പിന്തുണ നൽകിയിട്ടും കേരള സർക്കാർ തപ്പിതടയുകയാണ്. കേന്ദ്രം നികുതി കുറച്ചാൽ കേരളവും നികുതി കുറയ്ക്കാമെന്ന വാഗ്ദാനം പാലിക്കാൻ ധനകാര്യ മന്ത്രി തയ്യാറാകണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു.പ്രതിഷേധത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റിനു മുന്നിൽ ധനമന്ത്രി കെ. എൻ. ബാലഗോപാലിന്റെ കോലം കത്തിച്ചു.

യുവമോർച്ച നേതാക്കളായ ജില്ലാ പ്രസിഡന്റ് ആർ. സജിത്ത്, സംസ്ഥാന-ജില്ലാ നേതാക്കളായ ബി.എൽ അജേഷ്, അനുരാജ്, ആനന്ദ്, ആശാനാഥ്, ചൂണ്ടിക്കൽ ഹരി, വിപിൻ, അജി തുടങ്ങിയവർ നേതൃത്വം നൽകി.