തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ എണ്ണം തെറ്റായി പറഞ്ഞ് ട്രോളിന് വിധേയമായ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയെ പഠിപ്പിക്കാനെത്തിയ യുവമോർച്ചയ്ക്കും പിഴച്ചു. സെക്രട്ടേറിയേറ്റിന് മുന്നിൽ പ്രതിഷേധവുമായെത്തിയ യുവമോർച്ചയുടെ മന്ത്രിയെ പഠിപ്പിക്കൽ സമരവും സംസ്ഥാനങ്ങളുടെ എണ്ണം തെറ്റായി പറഞ്ഞ് പരിഹാസ്യമായി മാറി.

ഇന്ത്യയിൽ എത്ര സംസ്ഥാനം ഉണ്ടെന്നറിയാത്ത ശിവൻകുട്ടിയെ പഠിപ്പിക്കുന്ന രീതിയിലാണ് സമരം ആസൂത്രണം ചെയ്തത്. പക്ഷേ പഠിപ്പിക്കാനായി യുവമോർച്ച പ്രവർത്തകർ കൊണ്ടുവന്നത് ഇന്ത്യയുടെ പഴയ ഭൂപടവും.

ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റിയതിന് മുമ്പുള്ള ഭൂപടമാണ് പ്രവർത്തകർ കൊണ്ടു വന്നത്. ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങളുണ്ടെന്ന് മന്ത്രിയെ പഠിപ്പിക്കാൻ ക്ലാസെടുക്കുന്ന തരത്തിലാണ് യുവമോർച്ച സമരം നടത്തിയത്. എന്നാൽ മന്ത്രിയെ പഠിപ്പിക്കുന്നതിനിടെ ജമ്മു കശ്മീരിനെ സംസ്ഥാനമായി എണ്ണുകയും രാജ്യത്ത് 29 സംസ്ഥാനങ്ങളുണ്ടെന്നുമാണ് യുവമോർച്ച നേതാവ് പഠിപ്പിച്ചത്.

ഇന്ത്യയിൽ ആകെ 35 സംസ്ഥാനങ്ങളുണ്ടെന്നായിരുന്നു ശിവൻകുട്ടി പരാമർശിച്ചത്. സംസ്ഥാനങ്ങളുടെ എണ്ണം തെറ്റിയത് നാക്കുപിഴയെന്ന് പറഞ്ഞ വിദ്യാഭ്യാസ മന്ത്രി തന്നെ ആക്ഷേപിച്ച് ആശ്വസിക്കുന്നവർ അത് തുടർന്നോട്ടെയെന്നും വ്യക്തമാക്കിയിരുന്നു.