തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രാജ്യത്തെ സംസ്ഥാനങ്ങളുടെ എണ്ണം പറഞ്ഞപ്പോൾ തെറ്റിപ്പോയത് സോഷ്യൽ മീഡിയയിൽ ട്രോളായി. എന്നാൽ, ഇതിൽ പ്രതിഷേധിച്ച് മന്ത്രിയെ തിരുത്താൻ ഇറങ്ങിയവർക്കും പണി പാളി. വിദ്യാഭ്യാസമന്ത്രിയെ സംസ്ഥാനങ്ങളുടെ എണ്ണം പഠിപ്പിക്കാനെത്തിയ യുവമോർച്ചക്കും കണക്ക് തെറ്റുകയായിരുന്നു.

പത്രസമ്മേളനത്തിനിടെ മന്ത്രി വി.ശിവൻകുട്ടി ഇന്ത്യയിലെ 35 സംസ്ഥാനങ്ങൾ എന്ന് തെറ്റായി പറഞ്ഞതിൽ പ്രതിഷേധിച്ചും മന്ത്രിയെ തിരുത്താനുമായി യുവമോർച്ച സംഘടിപ്പിച്ച പരിപാടിയാണ് മറ്റൊരു അബദ്ധമായി മാറിയത്. മന്ത്രിക്ക് പ്രതീകാത്മകമായി ക്ലാസെടുക്കാൻ സെക്രട്ടേറിയറ്റിന് മുന്നിൽ ഭൂപടവുമായാണ് യുവമോർച്ച പ്രവർത്തകരെത്തിയത്.

എന്നാൽ, ഇന്ത്യയിൽ 29 സംസ്ഥാനങ്ങൾ എന്നാണ് ജമ്മു-കശ്മീർ കേന്ദ്രഭരണ പ്രദേശമാക്കിയത് അറിയാത്ത യുവമോർച്ച നേതാവ് പഴയ ഭൂപടവും നിവർത്തിയാണ് രാജ്യത്ത് 29 സംസ്ഥാനങ്ങളുണ്ടെന്ന് മന്ത്രിയെ പഠിപ്പിച്ചത്. യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന പരിപാടിയിൽ യുവമോർച്ച ജില്ലാ പ്രസിഡന്റ് ആർ.സജിത്ത് അധ്യക്ഷത വഹിച്ചു. നേതാക്കളായ ചന്ദ്രകിരൺ, പാപ്പനംകോട് നന്ദു, കിരൺ, ചൂണ്ടിക്കൽ ഹരി, രാമേശ്വരം ഹരി, വിപിൻ തുടങ്ങിയവർ നേതൃത്വം നൽകി.

അതേസമയം സംസ്ഥാനങ്ങളുടെ എണ്ണം തെറ്റിയത് തന്റെ നാക്ക്പിഴയായിരുന്നു എന്ന് വ്യക്തമാക്കി മന്ത്രി ശിവൻകുട്ടി വിവാദത്തിൽനിന്ന് തലയൂരി. ഇനി യുവമോർച്ച പ്രവർത്തകരെ ആര് തിരുത്തുമെന്നാണ് സെക്രട്ടേറിയറ്റ് നടയിലെ പ്രതിഷേധം കണ്ടുനിന്നവരുടെ ചോദ്യം. ആരോഗ്യമന്ത്രി വീണാ ജോർജിനൊപ്പം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലായിരുന്നു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്ക് നാക്കുപിഴ സംഭവിച്ചത്. ''ഇന്ത്യയിലെ 35 സംസ്ഥാനങ്ങളിലല്ലേ.. 23 സംസ്ഥാനങ്ങളിൽ സ്‌കൂളുകൾ തുറന്നു. അവിടെയും വലിയ പ്രശ്നങ്ങളൊന്നും വന്നിട്ടില്ല...'' എന്നായിരുന്നു മന്ത്രി പറഞ്ഞത്.

ഇതു ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിലടക്കം മന്ത്രിക്കെതിരെ ട്രോളുകളും പരിഹാസങ്ങളും നിറഞ്ഞിരുന്നു. മുൻ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബും ഫേസ്‌ബുക്കിൽ മന്ത്രിക്കെതിരെ പരോക്ഷ പരിഹാസവുമായെത്തി. ആർക്കെങ്കിലും ഉപകാരപ്പെടുമെന്ന അടിക്കുറിപ്പോടെ രാജ്യത്തെ 28 സംസ്ഥാനങ്ങളുടെയും എട്ട് കേന്ദ്രഭരണപ്രദേശങ്ങളുടെയും പേര് പങ്കുവച്ചായിരുന്നു അബ്ദുറബ്ബിന്റെ പരിഹാസം.