ചണ്ഡീഗഡ്: മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മോഹൻലാലിന്റെ അറുപത്തിയൊന്നാം ജന്മദിനത്തിൽ ആശംസകൾ നേർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗും, ആർ അശ്വിനും.

ചലച്ചിത്ര ലോകമാകെ പ്രിയപ്പെട്ട ലാലേട്ടന് പിറന്നാൾ ആശംസനേരുന്നതിനിടെയാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ട്വിറ്ററിലൂടെ ആശംസകൾ അറിയിച്ചത്.

പിറന്നാൾ ആശംസകൾ മോഹൽലാൽ സാർ, നല്ല ആരോഗ്യവും തുടർ വിജയങ്ങളും നേരുന്നു. എന്റെ ആശംസകൾ എന്നായിരുന്നു യുവിയുടെ ട്വീറ്റ്.

Happy Birthday @Mohanlal sir! Wishing you good health and everlasting success! My best wishes

- Yuvraj Singh (@YUVSTRONG12) May 21, 2021

പിറന്നാളാശംസകൾ മോഹൻലാൽ സാർ, വരുന്നവർഷവും മഹത്തരമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു എന്നായിരുന്നു അശ്വിന്റെ ട്വീറ്റ്.


മോഹൻലാൽ ചിത്രമായ ദൃശ്യം-2 ആമസോൺ പ്രൈമിൽ റിലീസ് ചെയ്തതിന് പിന്നാലെ സിനിമയെയും മോഹൻലാലിന്റെ അഭിനയത്തെയും അശ്വിൻ അഭിനന്ദിച്ചിരുന്നു. ഇന്ത്യൻ താരങ്ങളോട് സിനിമ കാണണമെന്ന് അശ്വിൻ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമയുടെ തിരക്കിലാണ് ഇപ്പോൾ മോഹൻലാൽ. 

സുഹൃത്തുക്കളായ പ്രിയദർശൻ, സുരേഷ്‌കുമാർ എന്നിവരുമായി ചേർന്ന് ഭാരത് സിനി ഗ്രൂപ്പ് എന്ന കമ്പനി സ്ഥാപിച്ച ലാൽ 1978 സെപ്റ്റംബർ മൂന്നിന് തിരനോട്ടം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറുന്നത്. ഈ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് 1980ൽ വില്ലനായി അഭിനയിച്ച 'മഞ്ഞിൽവിരിഞ്ഞ പൂക്കൾ' ആണ് ലാലിന്റെതായി ആദ്യം പുറത്തിറങ്ങുന്ന ചിത്രം.

പിന്നീടിങ്ങോട്ടുള്ളത് ചരിത്രമാണ്. ടിപി ബാലഗോപാലനും, ദാസനും, ജോജിയും, സേതുമാധവനും, സുധിയും, മണ്ണാറത്തൊടി ജയകൃഷ്ണനും, കുഞ്ഞികുട്ടനും, പുലിമുരുകനുമെല്ലാം മായാതെ, തിളക്കത്തോടെ ഇന്നും പ്രേക്ഷകരുടെ കൺമുന്നിൽ നിറഞ്ഞുനിൽക്കുന്നു. അഭിനയിച്ച ഓരോ കഥാപാത്രങ്ങളിലും തന്റേതായ കൈമുദ്ര പതിപ്പിച്ച അസാമാന്യ പ്രതിഭ.

അഭിനയജീവിതത്തിന്റെ നാൾവഴികളിൽ രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയ മോഹൻലാലിനെ തേടിവന്നു. ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001ൽ പത്മശ്രീ പുരസ്‌കാരം നൽകി ഭാരതസർക്കാർ ആദരിച്ചു. 2009ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമി ലഫ്റ്റ്‌നന്റ് കേണൽ പദവിക്കും അദ്ദേഹം അർഹനായി.