ബ്രസൽസ്: പ്രണയം തോന്നിയാൽ പ്രതിബന്ധങ്ങളൊക്കെ വിഷയമല്ലതാവും എന്നുപറയാറുണ്ട്.അത്തരത്തിലൊരു അപൂർവ്വ പ്രണയകഥയാണ് ബ്രസൽസിലെ മൃഗശാലയിൽ നിന്നും പുറത്ത് വരുന്നത്.മൃഗശാലയിലെ നിത്യ സന്ദർശകയായ യുവതിയും അവിടുത്തെ ചിമ്പാൻസിയും തമ്മിലാണ് ഈ അപൂർവ്വ പ്രണയം. ഇരുവരുടെയും ബന്ധം തിരിച്ചറിഞ്ഞതോടെ യുവതിക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് മൃഗശാല അധികൃതർ.

ബെൽജിയത്തിലാണ് സംഭവം.തുടർച്ചയായി നാലുവർഷത്തോളം ഒരു ദിവസം പോലും മുടങ്ങാതെ മൃഗശാലയിൽ എത്തിയതോടെയാണ് അധികൃതർക്ക് പന്തികേട് തോന്നിയത്.ചിറ്റ എന്ന 38കാരനായ ചിമ്പാൻസിയെ കാണാനാണ് ആഡി ടിമ്മർമാൻസ് എന്ന യുവതി നിത്യവും മൃഗശാലയിലെത്തുന്നത്.പരസ്പരം കണ്ടുമുട്ടുകയും ഫ്‌ളയിങ് കിസ് അടക്കം കൊടുക്കുന്നതും കൂടി കണ്ടതോടെ അധികൃതർ വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.

മൃഗശാല അധികൃതരുടെ വാദം യുവതി നിഷേധിക്കുന്നില്ല. 'ഞാൻ ആ ജീവിയെ സ്‌നേഹിക്കുന്നു. അവൻ തിരിച്ചും' അതുകൊണ്ട് എന്താണ് പ്രശ്‌നമെന്നാണ് ആഡിയുടെ ചോദ്യം. രണ്ടുപേരും കൈവീശികാണിക്കുന്നു. ഫ്‌ളൈയിങ് കിസ് നൽകുന്നു. ഇതെല്ലാം നിരുപദ്രവമെന്ന് തോന്നാമെങ്കിലും ചിമ്പാൻസിയും മറ്റ് കൂട്ടുകാരം തമ്മിലുള്ള ബന്ധത്തിന് ഇത് തടസ്സം നിൽക്കുന്നുവെന്നാണ് മൃഗശാല അധികൃതരുടെ വാദം.

മറ്റ് ചിമ്പാൻസികൾ ചിറ്റയെ അവഗണിക്കുന്നു. തങ്ങളുടെ കൂട്ടത്തിലുള്ള ഒരാളായി കണക്കാക്കുന്നേയില്ല. ചിറ്റയുടെ നല്ലതിന് വേണ്ടിയാണ് ആഡിയെ കാണുന്നതിൽ നിന്നും വിലക്കിയത് എന്നാണ് അധികൃതർ പറയുന്നത്.എന്നാൽ ചിറ്റയെ കാണാൻ മറ്റുള്ള സന്ദർശകരെ അനുവദിക്കുന്നുവെന്നും തന്നെ മാത്രം തടയുന്നതിൽ ദുഃഖത്തിലാണെന്നും യുവതി പറഞ്ഞു.