പെഷവാർ: 1,300 വർഷം മുമ്പ് നിർമ്മിച്ചതായി കരുതുന്ന പുരാതന ക്ഷേത്രം പാക്കിസ്ഥാനിൽ കണ്ടെത്തി. വടക്കു കിഴക്ക് പാക്കിസ്ഥാനിലെ സ്വാത് ജില്ലയിലാണ് ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്തിയത്. പാക്-ഇറ്റാലിയൻ പുരാവസ്തുഗവേഷകർ സംയുക്തമായി നടത്തി വന്ന പര്യവേക്ഷണത്തിനിടെയാണ് ക്ഷേത്രം കണ്ടെത്തിയത്.

വിഷ്ണുക്ഷേത്രമാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ഖൈബർ പഖ്തുംഖ്വ പുരാവസ്തു വകുപ്പുദ്യോഗസ്ഥനായ ഫസ്ലെ ഖാലിഖ് അറിയിച്ചു. ഷാഹി സാമ്രാജ്യകാലത്ത് പണി കഴിപ്പിച്ചതാണ് ക്ഷേത്രമെന്നാണ് വിലയിരുത്തൽ.

850-1026 സി.ഇ. കാലഘട്ടത്തിലെ സാമ്രാജ്യമാണ് ഹിന്ദു ഷാഹി അഥവാ കാബൂൾ ഷാഹി. ഷാഹി സാമ്രാജ്യം കാബൂൾ താഴ് വര (കിഴക്കൻ അഫ്ഗാനിസ്ഥാൻ), ഗാന്ധാരം( ഇന്നത്തെ പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ), ആധുനിക വടക്ക്പടിഞ്ഞാറൻ ഇന്ത്യ എന്നിവടങ്ങളിൽ വ്യാപിച്ച് കിടന്നിരുന്നു.

ക്ഷേത്രം നിലനിൽക്കുന്ന സ്ഥലത്തിന് സമീപം സൈനികപ്പാളയങ്ങളുടേയും കാവൽ ഗോപുരങ്ങളുടേയും അവശേഷിപ്പുകൾ കണ്ടെടുത്തു. കൂടാതെ വലിയ ജലസംഭരണിയും ഇവിടെ കണ്ടെത്തി. ആയിരക്കണക്കിന് കൊല്ലം പഴക്കമുള്ള പുരാവസ്തുക്കളുടെ വൻശേഖരം സ്വാതിലുണ്ടെന്ന് ഫസ്ലെ ഖാലിഖ് പറഞ്ഞു.

ഹിന്ദു ഷാഹി സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ ഈ ഭാഗത്തുനിന്ന് ആദ്യമായാണ് കണ്ടെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാന്ധാര സംസ്‌കാരത്തിന്റെ ഭാഗമായ ആദ്യത്തെ ക്ഷേത്രമാണ് സ്വാതിൽ കണ്ടെത്തിയിരിക്കുന്നതെന്ന് ഇറ്റാലിയൻ പുരാവസ്തുസംഘത്തിലെ ജോക്ടർ ലൂക്ക പറഞ്ഞു. ബുദ്ധമത വിശ്വാസകേന്ദ്രങ്ങളുടെ ശേഷിപ്പുകൾ സ്വാതിൽനിന്ന് നേരത്തെ കണ്ടെത്തിയിരുന്നു.