ലക്‌നൗ: രാജ്യതലസ്ഥാനമായ ഡൽഹിയിൽ നിർഭയ എന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ രോഷം ഇരമ്പിയപ്പോഴാണ് രാജ്യത്ത് സ്ത്രീസുരക്ഷാ നിയമങ്ങൾ പോലും മാറ്റി എഴുതേണ്ടി വന്നത്. എന്നാൽ, ഈ സംഭവത്തിന് ശേഷവും രാജ്യത്തെ നടുക്കി നിർഭയ മോഡൽ സംഭവങ്ങൾ ആവർത്തിക്കുകയായിരുന്നു. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ഉത്തർപ്രദേശിൽ നിന്നും പുറത്തുവരുന്നതും അത്യന്തം ക്രൂരമായ ഒരു ബലാത്സംഗ കൊലപാതകത്തിന്റെ കഥയാണ്. ഉത്തർ പ്രദേശിൽ 13 കാരി പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം വികൃതമാക്കുകയും ചെയ്തു. ഈ സംഭവം ഉത്തർ പ്രദേശിൽ രാഷ്ട്രീയ വിവാദമായി മാറിയിരിക്കയാണ്. യോഗി ആദിത്യനാഥിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി കഴിഞ്ഞു. ഭീം ആർമ്മിയും മായാവതിയുമാണ് വിഷയത്തിൽ യോഗി സർക്കാറിനെതിരെ രംഗത്തെത്തിയത്.

കൊലപാതകം നടത്തിയ പ്രതികൾ പെൺകുട്ടിയുടെ കണ്ണുകൾ ചൂഴ്ന്നെടുക്കുകയും നാക്ക് മുറിക്കുകയും ചെയ്തു. യു.പിയിലെ ലക്കിംപൂർ ഖേരി ജില്ലയിലാണ് ക്രൂരകൊലപാതകം നടന്നത്. ലഖ്‌നോവിൽ നിന്ന് 130 കിലോമീറ്റർ അകലെ നേപ്പാൾ അതിർത്തിയിലാണ് സംഭവം. പെൺകുട്ടിയുടെ മൃതദേഹം കരിമ്പുപാടത്തിൽ നിന്നാണ് കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച നടന്ന സംഭവത്തിൽ ബന്ധപ്പെട്ട് രണ്ട് ഗ്രാമവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് പെൺകുട്ടിയുടെ മൃതദേഹം കരിമ്പുപാടത്ത് നിന്ന് കണ്ടെടുത്തത്. പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് വിശദ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പെൺകുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ കുട്ടിയെ കാണാനില്ലെന്ന് പരാതി നൽകി. തുടർന്നുള്ള പരിശോധനയിലാണ് ഇന്നലെ രാത്രിയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

അതേസമയം യു.പിയിൽ ക്രമസമാധാനം പൂർണ്ണമായി തകർന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയും സമാജ് വാദി പാർട്ടിയും തമ്മിൽ യാതൊരു വ്യത്യാസമില്ലെന്നും സംഭവം തീർത്തും ലജ്ജാകരമാണെന്നും ബി.എസ്‌പി നേതാവ് മായാവതി പറഞ്ഞു. അതേസമയം രാജ്യത്ത് ബിജെപി സർക്കാരിന്റെ കാലത്ത് ദളിത് പീഡനങ്ങൾ വർധിക്കുകയാണെന്ന് ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് പറഞ്ഞു. തങ്ങളുടെ പെൺകുട്ടികളും അവർ താമസിക്കുന്ന സ്വന്തം വീടുപോലും സുരക്ഷിതമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇക്കഴിഞ്ഞ ആഴ്ചയാണ് യു.പിയിലെ ഹാപ്പൂരിൽ ആറു വയസ്സുകാരി ക്രൂര ബലാത്സംഗത്തിന് ഇരയായിരുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനത്തിന് ഇരയാക്കി. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങൾ വികൃതമാക്കിയശേഷം സമീപത്തെ വയലിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. കുട്ടിയുടെ ആരോഗ്യനില അതിഗുരുതരമായി തുടരുന്ന അവസ്ഥയാണ് ഉണ്ടായത്.

നടുക്കുന്ന ഈ സംഭവത്തിന് ശേഷമാണ് ഉത്തർ പ്രദേശിൽ വീണ്ടും അതിക്രൂരമായ ബലാത്സംഗം അരങ്ങേറിയിരിക്കുന്നത്. യോഗി സർക്കാർ അധികാരത്തിലെത്തിയ ശേഷം ദളിത് പീഡനങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതേസമയം ഒറ്റപ്പെട്ട പ്രതിഷേധങ്ങൾക്ക് അപ്പുറത്തേക്ക് ഒന്നും നടക്കുന്നില്ലെന്ന അവസ്ഥയാണ് നിലവിലുള്ളത്.