മലപ്പുറം: 5500 രൂപമാത്രം ചെലവഴിച്ച് മൂന്നു ദിവസംകൊണ്ടൊരു മോട്ടോർസൈക്കിൾ(സൈക്കിൾ ബൈക്ക്) നിർമ്മിച്ച് മലപ്പുറത്തെ 14വയസ്സുകാരൻ. മലപ്പുറം കൂട്ടിലങ്ങാടി കടുങ്ങൂത്ത് സ്വദേശിയായ പതിനാലുകാരനായ മുൻതദിറാണ് ഈ നേട്ടംകൈവരിച്ചത്. പഴയ ബൈക്കിന്റെ പാർട്സുകളും പഴയ പൈപ്പും ഉപയോഗിച്ചായിരുന്നു നിർമ്മാണം. കാഴ്ചക്ക് സൈക്കിളിന്റെ രൂപമാണെങ്കിൽ ബൈക്കിന്റെ പ്രവർത്തനവും ഇതിലുണ്ട്. രൂപഘടന ആദ്യം വരച്ചുണ്ടാക്കിയ ശേഷമാണ് നിർമ്മാണ പ്രവർത്തനത്തിലേക്ക് തിരിഞ്ഞതെന്നു മുൻതദിർ പറഞ്ഞു.

അയൽവാസി ഒഴിവാക്കിയ പഴയ ബൈക്കിന്റെ യന്ത്ര ഭാഗങ്ങൾ പിതൃ സഹോദരന്റെ ഇന്റസ്ട്രിയൽ വർക് ഷാപ്പിൽവെച്ചു ശരിയാക്കിയെടുത്താണ് നിർമ്മാണ പ്രവർത്തനങ്ങളിലേക്കു തിരിഞ്ഞത്. ഇന്ധന ടാങ്കായി വാട്ടർ ബോട്ടിലാണ് ഉപയോഗിച്ചിട്ടുള്ളത്. സൈക്കിളിനെ പോലെയാണെങ്കിലും ഏതു കുത്തനെയുള്ള കയറ്റവും ഇത് നിഷ്പ്രയാസം കയറിപ്പോകും.

അതോടൊപ്പം പത്ത് കിലോമീറ്റർ മൈലേജും നിലവിലുണ്ട്. പെട്രോൾ വില അനന്തമായി കയറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇനി ഇലക്ട്രിക് സൈക്കിൾ ബൈക്ക് കൂടി നിർമ്മിക്കാൻ കഴിയുന്നതിനെ കുറിച്ചാണു മുൻതദിർ ആലോചിക്കുന്നത്്.കൂട്ടിലങ്ങാടി ജി.യു.പി.സ്‌കൂളിൽ പഠിക്കവെ കഴിഞ്ഞ വർഷം സ്‌കൂൾ ശാസ്ത്രമേളയിൽ ഓട്ടോമാറ്റിക് ഹൈഡ്രോളിക് സ്ട്രെക്ചറും ഹെലികാമും നിർമ്മിച്ച് രണ്ടാം സ്ഥാനവും എ ഗ്രേഡ് നേടിയ പിൻബലത്തിലാണ് സൈക്കിൾ ബൈക്ക് നിർമ്മിക്കുന്നതിന് പ്രചോദനമായതെന്ന് മുൻതദിർ പറയുന്നു.

പയ്യോളി ജി.യു.പി.സ്‌കൂൾ അദ്ധ്യാപകൻ ഉസ്മാന്റെയും സൗദയുടെയും നാല് മക്കളിൽ ഇളയവനായ മുൻത ദിർ മക്കരപറമ്പ ഗവ: ഹയർ സെക്കണ്ടറി ഹൈസ്‌ക്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.