ലഖ്‌നൗ: ജീൻസ് ധരിക്കരുതെന്ന നിർദ്ദേശം ലംഘിച്ചതിന് 17കാരിയെ അമ്മാവന്മാരും മുത്തച്ഛനും ചേർന്ന് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിൽ തിങ്കളാഴ്ചയാണ് ക്രൂരസംഭവം നടന്നത്. ലുധിയാനയിൽ താമസിക്കുന്ന സമയത്ത് പശ്ചാത്യ വസ്ത്രങ്ങൾ പെൺകുട്ടി ധരിച്ചിരുന്നു. എന്നാൽ നാട്ടിലേക്ക് തിരിച്ചെത്തിയതോടെ ഇവ ഉപേക്ഷിക്കാൻ വീട്ടുകാർ നിർബന്ധിച്ചിരുന്നെന്നാണ് റിപ്പോർട്ട്.

വസ്ത്രധാരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം നടന്ന തർക്കത്തിനിടെയാണ് കുട്ടി കൊല്ലപ്പെടുന്നത്. ഇതിന് പിന്നാലെ മൃതദേഹം ആരും കാണാതെ ഒളിപ്പിക്കാൻ കുടുംമൃതദേഹം
ശ്രമിക്കുകയായിരുന്നു. തുടർന്ന് കശ്യ- പട്ന ദേശീയ പാതയിൽ പത്താൻവ പാലത്തിൽ നിന്ന് മൃതദേഹം വലിച്ചെറിഞ്ഞു. പക്ഷേ മൃതദേഹം പാലത്തിന്റെ ഗ്രില്ലിൽ കുടുങ്ങിയതോടെ ഇവരുടെ പദ്ധതി പൊളിയുകയും കൊലപാതക വിവരം പുറത്തറിയുകയുമായിരുന്നു.

ഗ്രില്ലിൽ തൂങ്ങി കിടക്കുന്ന നിലയിൽ 17കാരിയുടെ മൃതദേഹം കണ്ടതോടെ ഇതുവഴി പോയ ആളുകളാണ് പൊലീസിൽ വിവരം അറിയിച്ചത്. പെൺകുട്ടിയുടെ കുടുംബം ലുധിയാനയിലേക്ക് താമസം മാറിയ സമയത്തായിരുന്നു കുട്ടി ജീൻസ് ധരിക്കാൻ ആരംഭിച്ചത്. പിന്നീട് അമ്മയും മകളും ഗ്രാമത്തിലേക്ക് തിരിച്ച് വന്നപ്പോഴും കുട്ടി വസ്ത്രധാരണ രീതി തുടർന്നു.

ഇതോടെ കുടുംബത്തിലെ മുതിർന്ന ആളുകൾ പരമ്പരാഗത രീതിയിലുള്ള വസ്ത്ര ധാരണത്തിലേക്ക് മാറണമെന്ന് കുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് കൃത്യം. കൊലപാതകവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മുത്തച്ഛനെയും ഓട്ടോറിക്ഷ ഡ്രൈവറായ ഹസ്‌നൈനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം അമ്മാവന്മാർ ഒളിവിലാണ്.