കോഴിക്കോട്: കൊയിലാണ്ടിയിൽ ബിജെപി പ്രവർത്തകനും ഓട്ടോ ഡ്രൈവറും പൂജാരിയുമായ നിജു എന്ന അർഷിദിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ എസ് ഡി പി ഐ പ്രവർത്തകരായ ചെങ്ങോട്ടുകാവ് കവലാട് ഒറ്റത്തെങ്ങിൽ മുഹമ്മദാലി (35), പ്രതിക്കു സഹായം നൽകിയ ബാലുശ്ശേരി കൂട്ടാലിട പൂനത്ത് സ്വദേശി ഷംസുദീൻ (36) എന്നിവരെയാണ് പൊലീസ് ഇൻസ്പക്ടർ എൻ സുനിൽകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.

ഹാർബറിൽ ആണ് മുഹമ്മദാലി ജോലി ചെയ്യുന്നത്. ബുധനാഴ്ച രാത്രി 10 മണിക്കാണ് അർഷിദിനെ രണ്ടു ബൈക്കുകളിലായി എത്തിയ നാലംഗ സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചത് റൂറൽ എസ് പി ഡോ. എ ശ്രീനിവാസ്, വടകര ഡി വൈ എസ് പി അബ്ദുൾ ഷെരീഫ്, സ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം നൽകി.

പ്രതികളെ പിടികൂടാത്തത്തിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വരെ സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടും പ്രതികളെ പിടികൂടാൻ സാധിക്കാത്തത് പൊലീസിന്റെ തികഞ്ഞ പരാജയമാണെന്ന് ബിജെപി ആരോപിച്ചിരുന്നു. ബിജെപി പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കുകയും പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുമെന്നും പ്രഖ്യാപിച്ചു. ഇതിനിടയിലാണ് പ്രതികൾ പിടിയിലാകുന്നത്.

ഇതേ സമയം പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സർവകക്ഷി സമാധനയോഗം വിളിച്ചുചേർത്തു. അക്രമ സംഭവങ്ങളെ അപലപിച്ച യോഗം കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. സംഘർഷം ഉണ്ടായ പ്രദേശത്ത് മൂന്നു മാസത്തേക്ക് പൊതുയോഗങ്ങൾ, പ്രകടനങ്ങൾ എന്നിവ നടത്തേണ്ടെന്ന് തീരുമാനിച്ചു. സമൂഹ മാധ്യമങ്ങളിൽ പരസ്പരം വിദ്വേഷം സൃഷ്ടിക്കുന്ന പ്രചാരണം നടത്തരുത്. ഇക്കാര്യം സൈബർ സെൽ പരിശോധിക്കുന്നതും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതുമാണ്.

പ്രദേശത്ത് സമാധാനം നിലനിർത്താനുള്ള പ്രവർത്തനങ്ങളിൽ എല്ലാ രാഷ്ട്രീയപാർട്ടികളും പിന്തുണ വാഗ്ദാനം ചെയ്തു. താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കാനത്തിൽ ജമീല എംഎൽഎ, റവന്യൂ ഡിവിഷണൽ ഓഫീസർ സി ബിജു, ഡി വൈ എസ് പി അബ്ദുൾ ഷരീഫ്, തഹസിൽദാർ സി പി മണി, ഇൻസ്‌പെക്ടർ സുനിൽകുമാർ, നഗരസഭ ചെയർപഴ്‌സൻ കെ പി സുധ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം കെ ഷീബ എസ് ആർ ജയ് കിഷ്, ടി കെ ചന്ദ്രൻ, കെ പി വിനോദ് കുമാർ, പി കെ വിശ്വനാഥൻ, വി പി ഇബ്രാഹിംകുട്ടി, എ അസീസ്, ഇസ്മായിൽ തമ്മന, റിയാസ്, സി പി ശ്രീനിവാസൻ, അബ്ദുല്ല, കെ ഗീതാനന്ദൻ, കെ ടി എം കോയ എന്നിവർ പങ്കെടുത്തു.