കൊച്ചി: യുവതികളെ മറയാക്കി വീണ്ടും കഞ്ചാവ് കടത്ത്. എറണാകുളം ജില്ലയിൽ വെച്ച് 200 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. യുവതിയുൾപ്പടെ മൂന്നു പേരടങ്ങുന്ന സംഘം രണ്ടു കാറുകളിലായി കടത്തുകയായിരുന്ന 200 കിലോ കഞ്ചാവാണ് അങ്കമാലി, കറുകുറ്റി പഴയ ചെക്‌പോസ്റ്റിനു പരിസരത്തു നിന്നു പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഡാൻസാഫ് നടത്തിയ പരിശോധനയിലാണ് ആന്ധ്രയിൽ നിന്നു കൊണ്ടുവന്ന കഞ്ചാവ് പിടിച്ചെടുത്തത്.

പെരുമ്പാവൂർ കാഞ്ഞിരക്കാട് കളപ്പുരക്കൽ സ്വദേശി അനസ്, ഫൈസൽ എന്നിവരാണ് തിരുവനന്തപുരം സ്വദേശിനി വർഷയ്‌ക്കൊപ്പം പിടിയിലായത്. അനസും ഫൈസലും നേരത്തെയും കഞ്ചാവു കടത്തു കേസുകളിൽ പിടിയിലായിട്ടുള്ളവരാണ്. ഇരുവരും പ്രദേശത്തെ ലഹരി ഇടപാടിന്റെ കണ്ണികളാണ് എന്നാണ് പൊലീസ് നൽകുന്ന വിവരം. ഇവർ സഞ്ചരിച്ചിരുന്ന രണ്ടു വാഹനങ്ങളും പൊലീസ് പിടികൂടി.