തിരുവനന്തപുരം: പ്രാ​യ​പൂ​ർ​ത്തിയാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച്‌ ക​ട​ത്തിക്കൊ​ണ്ടു​പോ​യ യുവാവ് പിടിയിൽ. പെരിങ്ങമല അടിപ്പറമ്പ്, ചോനമല അമൽ ഭവനിൽ അരോമലാണ് അറസ്റ്റിലായത്. പെരിങ്ങമല സ്വദേശിയായ 16 വയസുള്ള പെൺകുട്ടിയ കാണാനില്ല എന്ന പരാതിയുടെ അടിസ്ഥാനാത്തിൽ പാങ്ങോട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 21കാരൻ കുടുങ്ങിയത്. പാലോട് പൊലീസ് സ്റ്റേഷനിലെ ഒരു വധശ്രമക്കേസിലും ഇയാൾ പ്രതിയാണ്.

സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി യുവാവിനോടൊപ്പം പോയതായി കണ്ടെത്തിയത്. പെൺകുട്ടിയും യുവാവും കല്ലമ്പലം ഭാഗത്ത് ഉള്ളതായി കണ്ടെത്തിയ പൊലീസ് ഇരുവരേയും സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് പെൺകുട്ടിയെ സ്നേഹം നടിച്ചു കൂട്ടി കൊണ്ടു പോയി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് തെളിഞ്ഞത്. വൈദ്യ പരിശോധനയിൽ പെൺകുട്ടിയെ ചൂഷണം ചെയ്തതായി കണ്ടെത്തിയതോടെ ആരോമലിനെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

നെടുമങ്ങാട് ഡിവൈഎസ്‌പി ജെ.ഉമേഷിന്റെ മേൽനോട്ടത്തിൽ പാലോട് ഇൻസ്പെക്ടർ സി കെ മനോജ് , എസ്‌ഐ നിസ്സാറുദീൻ, ജിഎസ്ഐ ഭുവനചന്ദ്രൻ നായർ, എഎസ്‌ഐ അജി , രാജേഷ്, നസീറ, ഷിബു , നിസ്സാം വിനീത് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത് . ആരോമലിനെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.