മുംബൈ: കോവിഡ് പടർന്നു പിടിക്കുമ്പോൾ ഇന്ത്യയിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ ഏവരെയും ആശങ്കപ്പെടുത്തുന്നു. മഹാരാഷ്ട്രയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നതിനെ തുടർന്ന് ശ്വാസം കിട്ടാതെ 22 രോഗികൾ ദാരുണമായി മരിച്ചുവെന്ന വാർത്തയും ഒടുവിൽ പുറത്തുവന്നു. നാസിക്കിലെ ഡോ.സക്കീർ ഹുസൈൻ ആശുപത്രിയിലാണ് അപകടം. ബുധനാഴ്ച ഉച്ചയോടെ ആശുപത്രിക്ക് പുറത്തെ ഓക്സിജൻ ടാങ്ക് നിറയ്ക്കുന്നതിനിടെയാണ് ടാങ്കിൽ ചേർച്ചയുണ്ടായത്.

വെന്റിലേറ്ററിൽ ചികിത്സയിലുണ്ടായിരുന്ന 22 കോവിഡ് രോഗികളാണ് മരിച്ചതെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു. ടാങ്കിലെ ചോർച്ചയെ തുടർന്ന് ഓക്സിജൻ വിതരണം തടസപ്പെട്ടതാണ് രോഗികൾ മരിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. ടാങ്ക് ചോർന്നതിനെ തുടർന്ന് അര മണിക്കൂറോളം ആശുപത്രിയിലേക്കുള്ള ഓക്സിജൻ വിതരണം തടസപ്പെട്ടിരുന്നു. ഓക്സിജൻ പിന്തുണയോടെ ചികിത്സയിലുണ്ടായിരുന്ന 80 രോഗികളിൽ 31 പേരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്ന ഉടൻ സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥർ ചോർച്ച അടയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും അപകടത്തിന്റെ ഉത്തരവാദികൾ രക്ഷപ്പെടില്ലെന്നും കേന്ദ്രമന്ത്രി രാജേന്ദ്ര ഷിംഗേൻ വ്യക്തമാക്കി. അതിനിടെ കടുത്ത കോവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യ 9000 മെട്രിക് ടൺ ഓക്‌സിജൻ കയറ്റി അയച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. സർക്കാർ രേഖകളിൽ തന്നെയാണ് ഇത് സംബന്ധിച്ച കണക്കുകൾ ഉള്ളത്. ഏപ്രിൽ 2020നും ജനുവരി 2021നുമിടയിൽ 9000 മെട്രിക് ടൺ ഓക്‌സിജൻ രാജ്യം വിദേശത്തേക്ക് അയച്ചതായാണ് റിപ്പോർട്ട്.

2020ലെ സാമ്പത്തിക വർഷത്തിൽ 4,500 മെട്രിക് ടൺ ഓക്‌സിജൻ മാത്രമാണ് രാജ്യം കയറ്റുമതി ചെയ്തിരുന്നത്. ഇത്തവണ അത് ഏതാണ്ട് ഇരട്ടിയോളമായാണ് വർധിച്ചിരിക്കുന്നത്. 2020 ജനുവരിയിൽ ഇന്ത്യ 352 മെട്രിക് ടൺ ഓക്‌സിജൻ കയറ്റുമതി ചെയ്തപ്പോൾ 2021 ജനുവരിയിൽ കയറ്റുമതിയിൽ 734 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്.

2021 ഫെബ്രുവരിയിലെയും മാർച്ചിലെയും കയറ്റുമതിയുടെ കണക്കു ഇനിയും സർക്കാർ പുറത്തു വിട്ടിട്ടില്ല. കോവിഡ് പ്രതിസന്ധിയെ നേരിടാനുള്ള വാക്‌സിന്റെയും ഓക്‌സിജന്റെയും അഭാവം രാജ്യത്ത് രൂക്ഷമായിരിക്കെ ഈ കണക്കുകൾ വാൻ വിമർശനങ്ങൾക്കാണ് വഴി വെച്ചിട്ടുള്ളത്. ശ്വാസകോശ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങൾ രണ്ടാം തരംഗത്തിൽ കൂടുതലായി കാണപ്പെടുന്നതിനാൽ പുറമെ നിന്നും ഓക്‌സിജൻ നൽകേണ്ടുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. അതുകൊണ്ട് തന്നെ നിരവധി ആശുപത്രികൾ ഓക്‌സിജൻ വിതരണത്തിനായി കേന്ദ്രത്തെ സമീപിച്ചിരുന്നു. എന്നാൽ രോഗബാധിതർക്കാവശ്യമായ ഓക്‌സിജൻ ലഭിക്കുന്നില്ലെന്ന പരാതിയാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.