കൊൽക്കത്ത: ബംഗാളിൽ ബിജെപിയിൽ നിന്ന് എംഎൽഎമാർ അടക്കമുള്ള നേതാക്കൾ തൃണമൂലിലേക്ക് മടങ്ങുമെന്നുള്ള അഭ്യൂഹങ്ങൾക്ക് ബലം നൽകി ബഹിഷ്‌കരണ നടപടികൾ. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിന്ന് 24 ബിജെപി എംഎൽഎമാർ വിട്ടുനിന്നു. ബംഗാളിലെ രാഷ്ട്രീയ അക്രമങ്ങളും അനിഷ്ട സംഭവങ്ങളും ഗവർണർ ജഗ്ദീപ് ധൻകറുമായി ചർച്ച ചെയ്യാനാണ് പ്രതിപക്ഷ എംഎൽഎമാർ എത്തിയത്.

മൊത്തം 74 എംഎൽഎമാരിൽനിന്ന് 24 പേർ പേർ കൂടിക്കാഴ്ചയിൽ പങ്കെടുത്തില്ല. സുവേന്ദു അധികാരിയുടെ നേതൃത്വം അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ളവരാണ് യോഗത്തിൽ നിന്ന് വിട്ടുനിന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ കൂടുതൽ നേതാക്കൾ പാർട്ടി വിട്ട് തൃണമൂലിലേക്ക് തന്നെ മടങ്ങുമെന്ന അഭ്യൂഹം ശക്തിപ്പെട്ടു.

മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരി നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയിലേക്കെത്തിയത്. ബിജെപിക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ലെങ്കിലും നന്ദിഗ്രാമിൽ സുവേന്ദു മമതയെ തോൽപ്പിച്ചിരുന്നു. ബിജെപിയിലെ മറ്റ് നേതാക്കളെ ഒഴിവാക്കി, സുവേന്ദുവിന് പ്രതിപക്ഷ സ്ഥാനം നൽകിയതിൽ പാർട്ടിയിലെ ചില നേതാക്കൾക്ക് എതിർപ്പുണ്ടായിരുന്നു.

തൃണമൂലിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ മുകുൾ റോയി കഴിഞ്ഞ ദിവസമാണ് തൃണമൂലിലേക്ക് തന്നെ തിരിച്ചെത്തിയത്. മുകുൾ റോയിയുടെ മകൻ ശുഭ്രാംശു റോയിയും തൃണമൂലിലേക്ക് തിരിച്ചെത്തി. 30ഓളം എംഎൽഎമാർ പാർട്ടിയിലേക്ക് തന്നെ തിരിച്ചെത്തുമെന്ന് മമതാ ബാനർജി പറഞ്ഞിരുന്നു.

മുകുൾ റോയിയും മകനും മമത ബാനർജിയുടെ സാന്നിധ്യത്തിൽ തൃണമൂലിലേക്ക് തിരികെ മടങ്ങിയതിന് ശേഷമാണ് പാർട്ടിയിൽ വീണ്ടും പ്രതിസന്ധി കനക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരമാണ് പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ദങ്കറിനെ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി എംഎൽഎമാരുടെ സംഘം കണ്ടത്.

എംഎൽഎമാരുടെ അസാന്നിധ്യം പാർട്ടിക്കുള്ളിൽ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. മുപ്പതിലധികം ബിജെപി എംഎൽഎമാർ തൃണമൂൽ കോൺഗ്രസിലെത്തുമെന്ന് നേരത്തെ പാർട്ടിയുടെ മുതിർന്ന നേതാക്കൾ പലരും പ്രഖ്യാപിച്ചിരുന്നു.

മുകുൾ റോയ് പാർട്ടിയിൽ തിരിച്ചെത്തിയതിന് പിന്നാലെ ഇനിയും കൂടുതൽ പേർ തൃണമൂലിലേക്ക് മടങ്ങുമെന്ന് മമത ബാനർജിയും കൂട്ടിച്ചേർത്തിരുന്നു.