കാഞ്ഞങ്ങാട്: ആത്മഹത്യ ചെയ്യാൻ അമ്മ തയ്യാറാക്കിയ എലിവിഷം ചേർത്ത ഐസ്‌ക്രീം കഴിച്ച് നാലു വയസുകാരന് ദാരുണാന്ത്യം. കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാടിന് അടുത്ത് അജാനൂർ കണ്ടാപുരത്താണ് ദാരുണ സംഭവം. അദ്വൈത് എന്ന നാലുവയസുകാരനാണ് വിഷം ഉള്ളിൽ ചെന്ന് മരിച്ചത്. എലിവിഷം ചേർത്ത ഐസ്‌ക്രീം കുട്ടി യാദൃച്ഛികമായി കഴിക്കുകയായിരുന്നു എന്ന് ഹോസ്ദുർഗ് പൊലീസ് ഇൻസ്‌പെക്ടർ പി.കെ മണി പറഞ്ഞു.

28 കാരിയായ അമ്മ വർഷയും 19 കാരിയായ സഹോദരി ദൃശ്യയും ആശുപത്രിയിൽ ചികിൽസയിലാണ്. വർഷ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലും ദൃശ്യ പരിയാരം മെഡിക്കൽ കോളജിലുമാണ് ചികിൽസയിൽ കഴിയുന്നത്. ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതിനെതുടർന്ന് ഫെബ്രുവരി 11 ന് വ്യാഴാഴ്ച ഐസ്‌ക്രീമിൽ എലിവിഷം ചേർത്ത് വെയ്ക്കുകയും, കുറച്ച് കഴിക്കുകയും ചെയ്തുവെന്ന് വർഷ പൊലീസിനോട് പറഞ്ഞു. ഇതിനിടെ ക്ഷീണം മൂലം ഉറങ്ങിപ്പോയി. ഉണർന്ന് നോക്കിയപ്പോൾ മേശപ്പുറത്തു വെച്ചിരുന്ന രണ്ട് ബോക്‌സ് ഐസ്‌ക്രീമും കാണാനുണ്ടായിരുന്നില്ല.

ഇത് വർഷയുടെ കുട്ടികളായ അദ്വൈതും നിസ്സാനും (2 വയസ്സ്), യുവതിയുടെ സഹോദരി ദൃശ്യയും കഴിക്കുകയായിരുന്നു. എന്നാൽ ആർക്കും അസ്വസ്ഥതകളൊന്നും തോന്നാതിരുന്നതിനാൽ വർഷ ഇക്കാര്യം ആരോടും പറഞ്ഞില്ല. എന്നാൽ രാത്രി ആയതോടെ അദ്വൈത് ഛർദ്ദിക്കാൻ തുടങ്ങി. എന്നാൽ അതേ ദിവസം തന്നെ ഇവർ അടുത്ത റസ്റ്റോറന്റിൽ നിന്നും ബിരിയാണി വാങ്ങിക്കഴിച്ചിരുന്നു. അതുമൂലമാകും ഛർദ്ദി എന്നാണ് വീട്ടിലുള്ളവർ കരുതിയത്. അസ്വസ്ഥതകളൊന്നും തോന്നാതിരുന്നതിൽ കഴിച്ചത് എലിവിഷമാകില്ലെന്ന് താനും കരുതിയെന്നാണ് വർഷ പൊലീസിനോട് പറഞ്ഞത്.

എന്നാൽ പുലർച്ചെയോടെ ഛർദ്ദി കലശലായി അവശനിലയിലായ അദ്വൈത് മരിച്ചു. ഇതിന്റെ പിറ്റേന്ന് വർഷയുടെ സഹോദരി ദൃശ്യയും കുഴഞ്ഞു വീണു. ഇതോടെയാണ് വിഷയത്തിൽ പൊലീസ് അന്വേഷണം നടന്നത്. മരിച്ച അദ്വൈതിന്റെ ആന്തരികാവയവങ്ങൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചതായി ഇൻസ്‌പെക്ടർ അറിയിച്ചു. വർഷ, രണ്ടു സഹോദരികൾ, അമ്മ, വർഷയുടെ രണ്ടു കുട്ടികൾ എന്നിവരാണ് വീട്ടിൽ താമസിച്ചിരുന്നത്.