ന്യൂയോർക്ക്: സമൂഹ മാധ്യമരംഗത്തെ ഭീമന്മാരായ ഫേസ്‌ബുക്കിനെതിരെ ഒരു വൻയുദ്ധത്തിന് തന്നെ തയ്യാറെടുക്കുകയാൺ! അമേരിക്കയിലെ 46 സംസ്ഥാനങ്ങളും ഫെഡറൽ ട്രേഡ് കമ്മീഷനും. ഇൻസ്റ്റാഗ്രാം, വാട്ട്സ്അപ് എന്നിവയിലെ നിക്ഷേപം, ഫേസ്‌ബുക്ക് പിൻവലിക്കണമെന്നതാണ് ഇവരുടെ ആവശ്യം. 46 സംസ്ഥാനങ്ങളേയും വാഷിങ്ടൺ ഡി. സി, ഗുവാം എന്നിവയേയും പ്രതിനിധീകരിച്ച് ന്യുയോർക്ക് അറ്റോർണി ജനറൽ ലെറ്റിഷ്യ ജെയിംസാണ് കൊളംബിയയിലെ ജില്ലാ കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്.

വിപണിയിൽ മുൻതൂക്കം നിലനിർത്താനും ആധിപത്യം സ്ഥാപിക്കുവാനുമായി, സമാനസ്വഭാവമുള്ള കമ്പനികളെ കഴിഞ്ഞ ഒരു പതിറ്റാണ്ടുകൊണ്ട് ഫേസ്‌ബുക്ക് നിയമവിരുദ്ധമായി കൈയടക്കി എന്നാണ് പരാതിയിൽ പറയുന്നത്. ഇത് വിപണിയിൽ മത്സരം ഒഴിവാക്കുന്നതിനു വേണ്ടിയായിരുന്നു ചെയ്തത്. ഇത്തരത്തിലുള്ള ഇടപാടുകൾ റദ്ദ് ചെയ്ത്, കമ്പനികളെ വേർതിരിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.

അതേസമയം ഫേസ്‌ബുക്കിന്റെ ജനറൽ കൗൺസിൽ ജെന്നിഫെർ ന്യുസ്റ്റെഡ് ഇതിനെ വിശേഷിപ്പിച്ചത്ഒരു പിന്തിരിപ്പൻ പരിപാടി എന്നാണ്. ആന്റിട്രസ്റ്റ് നിയമങ്ങൾ ഉണ്ടാക്കിയിരിക്കുന്നത് ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, പുതിയ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് വിജയകരമായി നടന്നുപോകുന്ന ബിസിനസ്സ് സ്ഥാപനങ്ങളെ ശിക്ഷിക്കാനല്ല എന്ന് അവർ പറയുന്നു. ഫേസ്‌ബുക്ക് ലക്ഷക്കണക്കിന് ഡോളറുകൾ നിക്ഷേപിച്ചതിനാലും ഫേസ്‌ബുക്കിലെ വിദഗ്ദരുടെ വൈദഗ്ദ്യത്താലുമാണ് ഇൻസ്റ്റാഗ്രാമും വാട്ട്സ്അപ്പുമെല്ലാം ഇന്നത്തെ നിലയിൽ എത്തിയിരിക്കുന്നത് എന്നും അവർ ചൂണ്ടിക്കാട്ടി.

ഇത്തരം നിയമനടപടികൾക്കെതിരെ കമ്പനി ശക്തമായി തന്നെ പ്രതിരോധം സൃഷ്ടിക്കുമെന്നും ന്യുസ്റ്റഡ് പറഞ്ഞു. മാത്രമല്ല, ഈ കമ്പനികൾ ഏറ്റെടുക്കുന്ന സമയത്ത് തന്നെ ഫെഡറൽ ട്രേഡ് കമ്മീഷൻ ഇതിന് ക്ലിയറൻസ് നൽകിയതാണെന്നും അവർ വ്യക്തമാക്കി. അതേസമയം, കമ്പനിയെ വിഭജിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫെഡറൽ ട്രേഡ് കമ്മീഷൻ മറ്റൊരു പരാതിയും നൽകിയിട്ടുണ്ട്. കുത്തകകളുടെ മത്സരം മൂലമുണ്ടാകുന്ന ഗുണം അനുഭവിക്കുവാൻ ഉപഭോക്താക്കൾക്ക് കഴിയുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ പരാതി നൽകിയിരിക്കുന്നത്.

2014-ൽ വാട്ട്സ്അപ് ഏറ്റെടുത്ത ഫേസ്‌ബുക്ക് നടപടിയേയും പരാതിയിൽ പരാമർശിക്കുന്നുണ്ട്. അന്നത്തെ കാലത്ത് ഒരു സ്റ്റാർട്ട് അപ് കമ്പനിയെ ഏറ്റെടുത്ത ഏറ്റവും വലിയ ഒരു സംഭവമായിരുന്നു അത്. അന്ന് ഏകദേശം 400 മില്ല്യൺ ഉപയോക്താക്കൾ ഉണ്ടായിരുന്ന വാട്ട്സ്അപ് തങ്ങളുടെ കുത്തക തകർക്കുമെന്ന് ഫേസ്‌ബുക്ക് ഭയന്നതിനാലയിരുന്നു ഏറ്റെടുക്കൽ നടപടി എന്ന് പരാതിയിൽ ആരോപിക്കുന്നു. 19 മില്ല്യൺ ഡോളറിനാണ് പിന്നീട് ഫേസ്‌ബുക്ക് വാട്ട്സ്അപ് വാങ്ങിയത്.